‘പതിനാറാം ദിവസം വിദ്യ കസ്റ്റഡിയിൽ, കേരള പോലീസിന്റെ കീരിടത്തിലെ പൊൻതൂവൽ..’ – ഹരീഷ് പേരടി

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ മുൻ നേതാവായ കെ വിദ്യയെ പതിനാറ് ദിവസത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയ സംഭവത്തിൽ കേരള പൊലീസിനെ ട്രോളി നടൻ ഹരീഷ് പേരടി. കേരള പൊലീസിന്റെ കിരീടത്തിലെ ഒരു പൊൻതൂവൽ ആണെന്ന് അദ്ദേഹം പരിഹസിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് കേരള പൊലീസിനെതിരെ പ്രതികരിച്ചത്.

“അറ്റ്ലാന്റിക് സമുദ്രത്തിന്റെ നിഗൂഡതകളിൽ കാണാതായ അന്തർ വാഹിനിയെ കണ്ടെത്താൻ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ്ഗാർഡും ലോകത്തിന് മുന്നിൽ തല താഴ്ത്തി നിൽക്കുമ്പോൾ, എന്തിന് ആമസോൺ കാടുകളിൽനിന്ന് 4 കുട്ടികളെ കണ്ടെത്താൻ മാസങ്ങൾ എടുത്ത കൊളംബിയൻ സൈന്യം പോലും കേരള പൊലീസിന്റെ മുന്നിൽ ഇന്ന് നാണം കെട്ടു.

അറ്റ്ലാന്റിക് സമുദ്രത്തെക്കാൾ, നിഗുഡതയുള്ള ആമസോൺ കാടുകളെക്കാൾ വന്യ മൃഗങ്ങളുള്ള മനുഷ്യവാസം ഇല്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്ന് വെറും പതിനാറ് ദിവസങ്ങൾ കൊണ്ട് കെ.വിദ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇത് കേരളാ പോലീസിന്റെ കീരിടത്തിലെ പൊൻതൂവൽ ആണ്.. ലോകത്തിന് തന്നെ മാതൃകയാണ് എന്റെ നമ്പർ വൺ കേരളം..”, ഹരീഷ് പേരടി കുറിച്ചു.

അതേസമയം ചോദ്യം ചെയ്യലിന് ഇടയിൽ ആരോപണങ്ങൾ പിന്നിൽ രാഷ്ട്രീയ ഗൂഢാലേചനകൾ ഉണ്ടെന്നും തന്റെ അക്കാദമിക് നിലവാരം കണ്ടിട്ടാണ് ഓരോ കോളേജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചതെന്നും ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് അനുകൂല സംഘടനകൾ ആണെന്നും പൊലീസിനോട് വിദ്യ പറഞ്ഞിട്ടുണ്ട്. വിദ്യയെ അറസ്റ്റ് ചെയ്യാൻ വൈകിയതിന് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്.