‘സർക്കാർ ചിലവിൽ ദത്ത് പുത്രി സുഖിക്കുന്നു! സഹിക്കുന്നതിന് ഒരു പരിധിയുണ്ട്..’ – ആരോപണങ്ങൾക്ക് മറുപടിയുമായി ഹനാൻ

തനിക്കെതിരെയുള്ള തെറ്റായ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സ്കൂൾ യൂണിഫോമിൽ മീൻ വില്പന നടത്തി ശ്രദ്ധ നേടിയ ഹനാൻ. 2018-ൽ വാഹനാപകടത്തിൽ പരിക്കേറ്റ് ജീവിതം കൈവിട്ടുപോകുമെന്ന് കരുതിയ നിമിഷത്തിൽ പോരാടി മുന്നോട്ട് വന്ന ഹനാനെ ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ മത്സരാർത്ഥിയായും മലയാളികൾ കണ്ടിട്ടുണ്ടായിരുന്നു. മോഡലിംഗ് രംഗത്തും സജീവമായ ഹനാൻ ഫേസ്ബുക്കിലൂടെയാണ് ആരോപണങ്ങൾക്ക് മറുപടി നൽകിയത്.

“നീ ചിരിക്കരുത്, നിന്റെ ചിരി ഭംഗിയില്ല എന്നുപറയുന്ന ഒരു വിഭാഗം എങ്ങനെയെങ്കിലും പച്ചപിടിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ നിനക്ക് ചേരുന്നത് പഴയ ജോലി ആണ്, വന്ന വഴിയൊന്ന് തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ നിന്റെ ശബ്ദം അലോസരം ഇങ്ങനെ എത്രമാത്രം കുത്തുവാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും. ഒന്ന് മനസ്സുതുറന്ന് ചിരിക്കാനുള്ള എന്റെ അവകാശത്തെ പോലും നിഷേധിക്കുന്നു.

ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷമായി ജീവിതം മുന്നോട്ട് പോകുന്നു. എന്റെ പ്രവർത്തനങ്ങൾ ഇഷ്ടമായി മുഖ്യമന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിതച്ചിലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടിലാണ്. സഹായം തരാമെന്ന് പറഞ്ഞ വീടുപോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാർ ചിലവിൽ ദത്ത് പുത്രി സുഖിക്കുന്നുവെന്ന് വിലയിരുത്തുന്നതിന് മുമ്പ് ദയവുചെയ്ത് അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും.

വ്‌ളോഗ് ചെയ്തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തും ട്രേഡിങ്ങ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരോടും കൈനീട്ടിയല്ല. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ എന്നെ നോക്കാൻ വീട്ടിലൊരു അനിയൻകുട്ടനുമുണ്ട്. ചില സുഹൃത്തുക്കളുമുണ്ട്. എന്നെ ഇങ്ങനെയിട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. 5 വർഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചുനിൽക്കാൻ മീൻവിറ്റു ഉപജീവനം കണ്ടെത്തിയെന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിതസാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റിട്ടുണ്ടോ?..”, ഹനാൻ കുറിച്ചു.