‘ആനുകൂല്യത്തെ മുതലെടുത്ത് ഈ മഹാനടന് തല്ലിപ്പൊളി സിനിമകൾ നൽകാതിരിക്കുക..’ – നേരിനെ പ്രശംസിച്ച് സിജെ ജോൺ

മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരിന് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത മൂന്നാം നാളായ ഇന്ന് തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളുടെ ബോർഡുകൾ നിറയുകയാണ്. ക്രിസ്തുമസ് പ്രമാണിച്ച് സ്കൂളുകൾ അടച്ചതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും തിയേറ്ററിലേക്ക് പ്രേക്ഷകരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ട്.

സിനിമയെ കുറിച്ച് പലപ്രമുഖരും മികച്ച അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. മനശാസ്ത്രജ്ഞനും പ്രശസ്ത സാമൂഹിക നിരീക്ഷകനുമായ സി.ജെ ജോണ്‍ മോഹൻലാൽ എന്ന നടനിലെ പ്രകടനം കണ്ടിട്ട് ആ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. “നേരിന്റെ പല നിരൂപണങ്ങളിലും പ്രചാരണത്തിലും ഇങ്ങനെയൊരു പ്രയോഗം കണ്ടു. തിരിച്ചുവരാൻ മോഹൻലാൽ എവിടെയെങ്കിലും പോയിരുന്നോ?

ഈ അതുല്യനാടൻ ഇവിടെയൊക്കെ തന്നെ ശക്തനായി ഉണ്ടായിരുന്നു. ചില തിരക്കഥകൾ ഈ നടനെ കൊച്ചാക്കി കളഞ്ഞതുകൊണ്ട് മാത്രം എവിടെയോ പോയിയെന്ന ധ്വനി നൽകണോ? തിരിച്ചുവന്നുവെന്ന് എഴുതാൻ മാത്രം അപ്രത്യക്ഷനായിരുന്നില്ല കക്ഷി. ഒരൊറ്റ മികച്ച സിനിമ മതി മോഹൻലാൽ ലാലാകാൻ. അതാണ് ലാൽ മാജിക്. അതാണ് നേര്. ആ ആനുകൂല്യത്തെ മുതലെടുത്ത് ഈ മഹാനടന് തല്ലിപ്പൊളി സിനിമകൾ നൽകാതെ ഇരിക്കുക.

അഭിനയ സാദ്ധ്യതയുള്ള നല്ല സബ്ജക്റ്റുകൾ നൽകുക. ഫാൻസ്‌ ഇമേജെന്ന ന്യായം ചൊല്ലി ഊതിപ്പെരുപ്പിച്ച കഥയേയും ബലൂൺ കഥാപാത്രങ്ങളെയും കെട്ടി ഏൽപ്പിക്കാതെ ഇരിക്കുക. അഭിനയ മികവിന്റെ പുണ്യങ്ങളിൽ ഒന്നല്ലേ ലാൽ? അത് ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെ പരിരക്ഷിക്കണം. തിരിച്ച് വന്നുവെന്ന് പറയാൻ ഇട വരുത്തരുത്. ഓരോ വരവും വരവാകണം..”, സിജെ ജോൺ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.