‘പന്ത്രണ്ട് വർഷം കടന്നു പോയി!! തിരിഞ്ഞു നോക്കുമ്പോൾ ഒരു വലിയ സംഖ്യയായി തോന്നുന്നു..’ – വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ

സെക്കന്റ് ഷോ എന്ന സിനിമയിലൂടെ മലയാളത്തിൽ നായകനായി അരങ്ങേറിയ താരപുത്രനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ എത്തിയ ദുൽഖർ ഇന്ന് മലയാളത്തിന് പുറമേ അന്യഭാഷകളിലും തന്റേതായ ഒരു പേര് നേടിയെടുത്തിട്ടുണ്ട്. ബോളിവുഡിൽ വരെ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന ദുൽഖറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം കിംഗ് ഓഫ് കൊത്തയാണ്.

2011-ലായിരുന്നു ദുൽഖറിന്റെ വിവാഹം. സ്കൂൾ കാലഘട്ടം മുതൽ അറിയാവുന്ന അമാൽ സൂഫിയ എന്നയാളെ ആണ് ദുൽഖർ വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹ ജീവിതം പിന്നിട്ടിട്ട് പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. “പന്ത്രണ്ട് വർഷം പിന്നിട്ടിരിക്കുന്നു.. തിരിഞ്ഞു നോക്കുമ്പോൾ അത് ഒരു വലിയ സംഖ്യയാണെന്ന് എനിക്ക് തോന്നുന്നു.

യഥാർത്ഥത്തിൽ നമ്മൾ ജീവിതം നയിക്കുമ്പോൾ വർഷങ്ങൾ പറന്നു കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും ഈ സമയത്താണ് ഞാൻ വർഷം തൂക്കിനോക്കുന്നത്. എല്ലാ ഉയർച്ചയും താഴ്ചയും ജയവും തോൽവിയും. എല്ലാ വർഷവും നിങ്ങൾ എന്റെ പാറയായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്ത് തന്നെയായാലും, നീ ശാന്തയായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. ഒന്നും വളരെ വലുതോ ചെറുതോ അല്ല.

ഒന്നും വളരെ നല്ലതോ മോശമോ അല്ല. നിന്റെ ആ ഒരു ഗുണം എപ്പോഴും ഞാൻ ഉറ്റുനോക്കാറുണ്ട്. ഹാപ്പി ആനിവേഴ്സറി ബേബി. എന്റെ ശാന്തതയ്ക്കും എന്റെ കേന്ദ്രത്തിനും നന്ദി. എന്റെ പാറയും എന്റെ നങ്കൂരവും. ഡസൻ കണക്കിന് ഇനിയും മുന്നോട്ട് പോകാനുണ്ട്..”, ദുൽഖർ ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. ആരാധകർ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേരുകയും ചെയ്തു.