‘കാവ്യയും മകളുമൊക്കെ ചെന്നൈയിലാണ് താമസം, മഹാലക്ഷ്മി ഇപ്പോൾ യുകെജിയിലാണ്..’ – വിശേഷം പങ്കുവച്ച് ദിലീപ്

ദിലീപ്, കാവ്യാ താരദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ദിലീപ്. ദിലീപ് നായകനായി എത്തുന്ന പുതിയ സിനിമയായ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിൽ വച്ചാണ് ദിലീപ് ഈ കാര്യങ്ങൾ പറഞ്ഞു. മഹാലക്ഷ്മി ഇപ്പോൾ യു.കെ.ജിയിലാണ് പഠിക്കുന്നതെന്നും കാവ്യയ്‌ക്ക് ഒപ്പം ചെന്നൈയിലാണ് താമസിക്കുന്നത് എന്നും ദിലീപ് പങ്കുവച്ചു.

“ആള് ഭയങ്കര കാന്താരിയാണ്. കഴിഞ്ഞ ദിവസം, എനിക്ക് രണ്ട് ദിവസമായി നൈറ്റ് ആണ് ഷൂട്ടോക്കെ, അപ്പോൾ ഈ ദിവസങ്ങളിൽ സ്കൂളിൽ പോകുമ്പോൾ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഞാൻ ഫോൺ എടുത്തിരുന്നില്ല. ആളിപ്പോൾ യുകെജിയിലാണ്. ഞാൻ നോക്കുമ്പോൾ ഒരു വോയിസ് നോട്ട് കിടക്കുന്നത് കണ്ടു. ‘അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു. അച്ഛനെ ഞാൻ ഇന്നും വിളിച്ചു. ഫോൺ എടുത്തില്ല.. ഞാൻ പോവാ..’

ഫോൺ കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രേ, ‘ഇനി അച്ഛൻ വിളിക്കും.. നമ്മൾ എടുക്കരുത്. അത്രയേ നമ്മുക്ക് ചെയ്യാൻ പറ്റുകയുള്ളു..’, പഠിക്കുന്നത് ചെന്നൈയിലാണ്. അവരൊക്ക ചെന്നൈയിലാണ് ഉള്ളത്. ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഞാൻ ഇവിടെയാണ്. എന്റെ കൈയ്ക്ക് ഇങ്ങനെയായതൊക്കെ അവര് കണ്ടിരുന്നു. മാമാട്ടിയെന്നാണ് വീട്ടിൽ വിളിക്കുന്നത്. അത് അവൾ തന്നെ ഇട്ട പേരാണ്.

മഹാലക്ഷ്മി എന്ന പേര് അവൾക്ക് പറയാൻ പറ്റാത്തതുകൊണ്ട് ഇവളോട് ആരെങ്കിലും പേര് ചോദിക്കുമ്പോൾ മഹാലക്ഷ്മി എന്ന് പറയണമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ ഇവൾ മാമാച്ചിയെന്ന് ആണ് പറഞ്ഞിരുന്നത്. അങ്ങനെ മാമാട്ടിയായി. എല്ലാവരും ഇപ്പോൾ അങ്ങനെയാണ് അവളെ വിളിക്കുന്നത്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചെറുപ്പത്തിലെ ഫോട്ടോ കണ്ടുകഴിഞ്ഞാൽ ഒരുപോലെ തന്നെയിരിക്കുകയാണ്..”, ദിലീപ് പറഞ്ഞു.