‘സ്വന്തമായി സിനിമ വിജയിപ്പിക്കുമ്പോൾ നടികൾക്ക് തുല്യവേതനം ആവശ്യപ്പെടാം..’ – പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ

സിനിമ മേഖലയിൽ നടന്മാർക്കും നടിമാർക്കും തുല്യവേതനം ലഭ്യമാക്കണമെന്നുള്ള ആവശ്യം കഴിഞ്ഞ് കുറച്ച് നാളുകളായി ഉയരുന്ന ഒരു സംഭവമാണ്. സൂപ്പർസ്റ്റാറുകൾക്കും യൂത്ത് താരങ്ങളും പോലെയുള്ള നടന്മാർക്ക് ലഭിക്കുന്ന അതെ വേതനം അവരുടെ സിനിമകളിൽ നായികമാരായി അഭിനയിക്കുന്ന നടിമാർക്ക് പലപ്പോഴും ലഭിക്കാറില്ല. ഈ വിഷയത്തിൽ നടൻ ധ്യാൻ ശ്രീനിവാസൻ തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ്.

ധ്യാനും ഗോകുൽ സുരേഷും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സായാഹ്നവാര്‍ത്തകള്‍’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ധ്യാൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “ഞാനും ഗോകുലുമൊക്കെ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ആളുകളാണ്. ഞങ്ങൾക്ക് ശേഷം വന്നവർക്ക് അതിന്റെ ഇരട്ടിയുടെ ഇരട്ടി വാങ്ങിക്കുന്നവരുണ്ട്. നമ്മുടെ വളരെ ചെറിയ ഒരു ഇന്‍ഡസ്ട്രിയാണ്.

നടന്മാർക്ക് കൂടുതൽ പൈസ കൊടുക്കുന്നത് പ്രൊഡ്യൂസർമാരാണല്ലോ.. അവർക്ക് തോന്നിയിട്ടല്ലേ കൊടുക്കുന്നത്. അല്ലാതെ അവരെ നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതല്ലല്ലോ. അവർക്ക് അയാളെ ഒഴിവാക്കിയിട്ട് വേറെ നടന്മാരിലേക്ക് പോകാം. ഇവർക്ക് ആ നടനെ വേണംതാനും അപ്പോൾ അവർ ഡിമാൻഡ് ചെയ്യുന്ന ശമ്പളം കൊടുക്കുമ്പോൾ റെഡിയാവുമ്പോൾ അതിൽ തെറ്റില്ലല്ലോ. ഇവിടെ പൊതുവേ പുരുഷാധിപത്യമുള്ള ഒരു ഇന്‍ഡസ്ട്രിയാണ്.

ഇവിടെ ബിസിനസ് നടക്കുന്നതും സാറ്റലൈറ്റ്‌ നടക്കുന്നതുമെല്ലാം അവരുടെ പേരിലാണ്. തമിഴ് നാട്ടിലൊക്കെ നയൻതാരയുടെ പേരിൽ ബിസിനസ് നടക്കുന്നുണ്ട്. ഇവിടെ അതുപോലെ മഞ്ജു ചേച്ചിയുടെ പേരിൽ ബിസിനെസ് നടക്കുന്നു. അങ്ങനെയൊരു ലെവലിലേക്ക് നടിമാർ എത്തുമ്പോൾ അവർക്ക് സ്വാഭാവികമായിട്ടും തുല്യവേതനം ആവശ്യപ്പെടാം. അതിൽ തെറ്റില്ല.. പക്ഷെ സ്വന്തമായിട്ട് ഒരു സിനിമ വിജയിപ്പിക്കാൻ പറ്റുന്ന ലെവലിലേക്ക് അവർ വളരണം..”, ധ്യാൻ പ്രതികരിച്ചു.