‘ലഹരി ആരും വായിൽ കുത്തിക്കേറ്റി തരില്ലല്ലോ, മകന് ബോധം ഉണ്ടെങ്കിൽ ഉപയോഗിക്കില്ല..’ – ടിനിയെ തള്ളി ധ്യാൻ ശ്രീനിവാസൻ

ഈ കഴിഞ്ഞ ദിവസമാണ് നടനും മിമിക്രി താരവുമായ ടിനി ടോം മലയാള സിനിമയിൽ ലഹരി ഉപയോഗം ഉണ്ടെന്നും തന്റെ മകനെ സിനിമയിലേക്ക് വിടാത്തതിന്റെ കാരണം അതാണെന്നും വെളിപ്പെടുത്തിയത്. ടിനിയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തു. സിനിമയിൽ അഭിനയിക്കുന്നവർ തന്നെ ഇത് വെളിപ്പെടുത്തുമ്പോൾ സർക്കാർ ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

അതേസമയം ടിനി പറഞ്ഞ ഒരു കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരാൾ നശിക്കണമെന്ന് തീരുമാനിച്ചാൽ അയാൾ നശിക്കുക തന്നെ ചെയ്യുമെന്നാണ്ധ്യാൻ പറഞ്ഞത്. “ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും.. മകന് ഒരു ബോധമുണ്ടെങ്കിൽ അവന് അത് ഉപയോഗിക്കില്ലല്ലോ. ഇത് ഉപയോഗിക്കില്ല, ഉപയോഗിക്കേണ്ട ഇത് മോശ സാധനമാണ് എന്ന് തീരുമാനിക്കാലോ.

അല്ലാതെ ഒരാൾ വന്നിട്ട് നമ്മുടെ വായ്ക്ക് അകത്ത് കുത്തിക്കേറ്റി തരില്ലല്ലോ ഈ പറഞ്ഞ സാധനങ്ങൾ ഒന്നും തന്നെ. ബോധവും കഥയും ഉള്ള ഒരുത്തനാണെങ്കിൽ അവൻ അത് ഉപയോഗിക്കില്ല. അത്രേ ഉളളൂ..”, ധ്യാൻ പറഞ്ഞു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാൻ തന്റെ മകന് അവസരം ലഭിച്ചിട്ടും താൻ വിട്ടില്ല എന്നായിരുന്നു ടിനി കഴിഞ്ഞ ദിവസം പറഞ്ഞത്. അത് ലൊക്കേഷനുകളിൽ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ്.

17-18 വയസ്സിലാണ് കുട്ടികൾ വഴിതെറ്റാൻ സാധ്യതയുള്ളത്. കലയാണ് നമ്മുടെ ലഹരി എന്ന് മാറട്ടെയെന്നും ടിനി പറഞ്ഞിരുന്നു. ലഹരിക്ക് എതിരായ കേരള പൊലീസിന്റെ ബോധവത്കരണ പരിപാടിയുടെ അംബാസിഡർ കൂടിയാണ് ധ്യാൻ ശ്രീനിവാസൻ. അതേസമയം സിനിമ സെറ്റുകളിൽ ലഹരി ഉപയോഗമുണ്ടോ എന്നറിയാൻ കർശനനടപടി സ്വീകരിക്കുമെന്ന് കേരള പൊലീസും അറിയിച്ചിട്ടുണ്ട്.