‘തുള്ളുവദോ ഇളമൈ’ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വരികയും കാതൽ കൊണ്ടെയ്ൻ, തിരുടാ തിരുടി തുടങ്ങിയ സിനിമകളിലൂടെ നായകനായി അഭിനയിച്ച് തമിഴ് സിനിമ ലോകത്ത് ചലനം സൃഷ്ടിച്ച താരമാണ് നടൻ ധനുഷ്. ഇരുപതാം വയസ്സിൽ നായകനായി അഭിനയിച്ച ധനുഷ് സിനിമയിൽ തുടക്കക്കാരനായി നിൽക്കുമ്പോൾ തന്നെയാണ് തമിഴിൽ സൂപ്പർസ്റ്റാറിന്റെ മകളുമായി വിവാഹിതനാകുന്നത്.
ഇരുപത്തിയൊന്നാം വയസ്സിൽ ധനുഷ് രജനികാന്തിന്റെ മകളായ ഐശ്വര്യയുമായി വിവാഹിതയാവുകയും ചെയ്തു. അതോടെ രജനിയുടെ കടുത്ത ആരാധകനായ ധനുഷിന് അദ്ദേഹത്തിന്റെ ആരാധകരെ സ്വന്തം ആരാധകരായി മാറ്റിയെടുക്കാനും സാധിച്ചിരുന്നു. പിന്നീട് അഭിനയത്തിലൂടെ തന്നെ ധനുഷ് പ്രേക്ഷകരുടെ മനസ്സുകൾ കീഴടക്കി. തമിഴിൽ യുവതാരങ്ങളിൽ മികച്ച നടന്മാരിൽ ഒരാളുകൂടിയാണ് ധനുഷ്.
സംവിധായകൻ സെൽവ രാഘവൻ ധനുഷിന്റെ സഹോദരനാണ്. ഐശ്വര്യ, ധനുഷ് വിവാഹത്തിൽ രണ്ട് കുട്ടികളും താരത്തിനുണ്ട്. എന്നാൽ ആരാധകരെ ഏറെ സങ്കടത്തിൽ ആഴ്ത്തി ധനുഷും ഐശ്വര്യയും തമ്മിൽ 2022-ൽ വേർപിരിയുകയാണെന്ന് അറിയിച്ചിരുന്നു. ഇത് രജനികാന്തിനെ പോലും ഏറെ വിഷമിപ്പിച്ചിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാനും ശ്രമങ്ങൾ നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു.
എങ്കിലും മക്കളുടെ കാര്യത്തിൽ ധനുഷും ഐശ്വര്യയും ഒന്നിച്ചു നിൽക്കാറുണ്ട്. അത് മാത്രമല്ല ഐശ്വര്യയുമായി പിരിഞ്ഞെങ്കിലും താൻ ആരാധിക്കുന്ന സ്വന്തം അമ്മായിയച്ഛനോട് പിണക്കങ്ങൾ ഒന്നുമില്ല. രജനികാന്തിന്റെ ജന്മദിനത്തിൽ കഴിഞ്ഞ ദിവസം ധനുഷ് ആശംസ അറിയിച്ച് പോസ്റ്റിടുകയും ചെയ്തിരുന്നു. “ഹാപ്പി ബർത്ത് ഡേ തലൈവ..”, എന്നാണ് ധനുഷ് ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിരുന്നത്.