‘ദൃശ്യം 2 ഇറങ്ങിയ ശേഷം ഞാൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല..’ – നേരിന്റെ പ്രസ് മീറ്റിൽ ജീത്തു ജോസഫ്

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ഇരുവരും ഇതിന് മുമ്പ് ഒരുമിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. ദൃശ്യവും ദൃശ്യം 2-വും 12-ത് മാനുമാണ് ഇതിന് മുമ്പ് ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങൾ. ഇതിൽ ദൃശ്യം തിയേറ്ററുകളിൽ ബ്ലോക്ക് ബസ്റ്റാറായപ്പോൾ ദൃശ്യം രണ്ടാം ഭാഗം ഒ.ടി.ടിയിൽ വമ്പൻ തരംഗമായി തീരുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ ഈ കോംബോ ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ട്. അതേസമയം തന്നെ മോഹൻലാലിൻറെ അടുത്തിറങ്ങിയ സിനിമകൾ പലതും പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചവയാണ്. അതിനൊരു മാറ്റം കൂടി ഈ ചിത്രത്തിലൂടെ മോഹൻലാൽ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മറ്റുള്ള മോഹൻലാൽ സിനിമകൾ പോലെ യാതൊരു ഹൈപ്പുമില്ലാതെ തിയേറ്ററുകളിൽ എത്തുന്ന ഒരു ചിത്രമാണ് നേര്.

സംവിധായകൻ ജീത്തു ജോസഫ് നേരിനെ കുറിച്ച് ഇപ്പോൾ പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “ദൃശ്യം ചെയ്തപ്പോൾ ഞാനൊരു ഫാമിലി ഡ്രാമ പോലെ ഇറക്കിയ ചിത്രമാണ്. ഒരു രണ്ട് കുടുംബങ്ങൾ തമ്മിൽ നടക്കുന്ന പ്രശ്നമായിരുന്നു അതിൽ. ഒരു കൊ.ലപാതകം നടക്കുകയും പിന്നീട് അവസാനമൊരു ക്ലൈമാക്സിൽ ഒരു സർപ്രൈസ് എലെമെന്റും വന്നു. എന്റെ അബദ്ധത്തിൽ എന്റെ പേടികൊണ്ട് ദൃശ്യം 2 ഇറങ്ങിയപ്പോൾ പറഞ്ഞുപോയി ഇതിനകത്ത് ഒരു ട്വിസ്റ്റുമില്ലെന്ന്!

ഞാൻ ടെൻഷൻ കൊണ്ട് പറഞ്ഞതാണ്. അത് കഴിഞ്ഞാൽ ഞാൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല. പക്ഷേ ഇത് അങ്ങനെയൊരു സിനിമയല്ല, ഈ തവണ എന്നെ വിശ്വസിച്ചേ മതിയാകൂ. ഇതിലൊരു ക്രൈം നടന്നിട്ടുണ്ട്. ഇതുവരെയുള്ള സിനിമകളിൽ ഒരു ക്രൈം നടക്കുന്നു, അത് നടന്നു കഴിയുമ്പോൾ എവിടെയോ ഒളിച്ചിരിക്കുന്ന പ്രതിയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നു അങ്ങനെ ആയിരുന്നു. ഇതിൽ അഞ്ച് മിനുറ്റിൽ നിങ്ങൾക്ക് എല്ലാം മനസ്സിലാകും. അവിടുന്നു കോടതിയിലേക്ക് പോകുന്നു! അവിടെ എന്താണ് നടക്കുന്നത്.

കോടതിയിൽ ഒരു കേസ് ചെല്ലുന്നു പ്രോസിക്യൂഷൻ, ഡിഫെൻസും തമ്മിൽ എന്തെല്ലാം രീതിയിൽ കളികൾ നടക്കാം എന്നാണ് കാണിച്ചിരിക്കുന്നത്. ഒരു കോടതി എക്സ്‌പീരിയൻസ് ചെയ്യാൻ വേണ്ടി എടുത്ത സിനിമയാണ്. അതും ഒരു 100 ശതമാനം കോടതിയല്ല, ഒരു 60 ശതമാനം കോടതി എങ്ങനെയാണെന്ന് കാണിച്ചിട്ടുണ്ട്. ഓൺലൈനിൽ കണ്ട ഒരു കാര്യം, ക്രൈം നടന്നു, ഒരാളെ പിടിക്കുന്നു, ഇയാളല്ല വേറെയൊരാളാണ് എന്നൊക്കെ! ഇതിൽ ആദ്യം തന്നെ ആരാണ് ചെയ്തതെന്ന് എല്ലാം അറിയാം. കോടതിയിൽ എന്ത് നടക്കുന്നു. അത് മാത്രമേയുള്ളൂ..”, ജീത്തു പറഞ്ഞു.