‘ഇനി സ്വാമിയേ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്..’ – ജന്മദിനത്തിൽ ശബരിമല ദർശനം നടത്തി ദേവനന്ദ

മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ മുഴുവനും. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്ക് കൊടുക്കാത്തതിനായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നത്. ഒരു കൂട്ടർ രാഷ്ട്രീയ കളിച്ചാണ് കൊടുക്കാതിരുന്നതെന്ന് പറയുമ്പോൾ മറ്റൊരു കൂട്ടർ അതിന് മാത്രം വലിയ പ്രകടനം ഒന്നുമാല്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മറുപടി കൊടുത്തത്.

ഒടുവിൽ അതിൽ കല്ലുവായി അഭിനയിച്ച ദേവനന്ദ തന്നെ തനിക്ക് അതിൽ സങ്കടമില്ല, ഒരുപാട് പേർ മത്സരിക്കുന്ന അവാർഡിൽ ഒരാൾക്ക് മാത്രമല്ല നൽകാനാവൂ എന്ന് പ്രതികരിച്ചു. വിജയിയായ കുട്ടി താരത്തെ ദേവനന്ദ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദേവനന്ദ തന്റെ പത്താം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ച് ശബരിമല ദർശനം നടത്തിയിരിക്കുകയാണ്.

ഇനി 40 വർഷം കഴിഞ്ഞിട്ടേ അയ്യപ്പനെ കാണാൻ പറ്റുകയുള്ളൂ എന്ന് വിഷമവും ദേവാനന്ദ പങ്കുവച്ചിരുന്നു. “ഇനി സ്വാമിയേ കാണാൻ 40 വർഷത്തെ കാത്തിരിപ്പ് ആണ്, അതിലും വലുത് അല്ല മറ്റ് എന്തിന് വേണ്ടിയുള്ള കാത്തിരിപ്പും, കഴിഞ്ഞ ദിവസം മലയിൽപോയി ഭഗവാനെ കണ്ടപ്പോൾ..”, ദേവനന്ദ ശബരിമലയിൽ അയ്യപ്പനെ തൊഴുത് നിൽക്കുന്ന ഒരു വീഡിയോ തന്റെ ആരാധകരുമായി പങ്കുവച്ചു.

പത്താം ജന്മദിനവും ദേവനന്ദ ആഘോഷമാക്കി. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചുകൊണ്ടാണ് ദേവനന്ദ തന്റെ ജന്മദിനം ആഘോഷിച്ചത്. ഒരുപാട് പേർ ദേവാനന്ദയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുമുണ്ട്. സംസ്ഥാന അവാർഡ് കൂടി കിട്ടിയിരുന്നെങ്കിൽ എത്ര മനോഹരമായ ഒരു ജന്മദിനം ആയേനെ എന്നും ചിലർ അഭിപ്രായപെടുന്നു. ഞങ്ങൾ അവൾക്ക് ദേവനന്ദ എന്ന പേരാണ് നൽകിയത്, ഇന്ന് ലോകം മുഴുവനും അവളെ കല്ലു എന്നാണ് വിളിക്കുന്നത് എന്ന ദേവനന്ദയുടെ മാതാപിതാക്കൾ പങ്കുവച്ചു.