‘ഇപ്പോൾ എന്റെ ദൈവം പിണറായി വിജയൻ! വരുന്ന തിരഞ്ഞെടുപ്പിൽ ഞാൻ ഇറങ്ങി കസറും..’ – പ്രതികരിച്ച് ഭീമൻ രഘു

മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് ഇപ്പോൾ ദൈവത്തെ പോലെയാണെന്ന് നടൻ ഭീമൻ രഘു. ഒരു അഭിമുഖത്തിലാണ് ഭീമൻ രഘു ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. കേരളത്തിൽ മൂന്നാമതും ഇടതുപക്ഷം തന്നെ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും പിണറായി വിജയൻ തന്നെ ഭരണത്തിൽ വന്നാൽ ഭീമൻ രഘു മത്സരിക്കുമോ എന്ന് ചോദ്യത്തിനും അദ്ദേഹം അവതാരകയോട് മറുപടി പറയുകയുണ്ടായി.

“അത് ദൈവം തീരുമാനിക്കും.. ഇപ്പോൾ എനിക്ക് ദൈവമെന്ന് പറഞ്ഞാൽ അത് സിഎം തന്നെയാണ്. ഞാൻ അദ്ദേഹത്തെ പുകഴ്ത്തി പറയുന്നതല്ല. തീരുമാനങ്ങൾ എടുക്കുന്നത് അദ്ദേഹമാണ്. പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കുന്നത് അദ്ദേഹമാണ്. എങ്ങനെ, എവിടെ, എന്തിന്, ഏത് രീതിയിൽ എന്ന് ചെയ്യാനും പ്രവർത്തിക്കാനുമുള്ള തന്റേടിയായ ഒരാളാണ് നമ്മുടെ കേരളം ഇപ്പോൾ ഭരിക്കുന്നത്.

സിപിഎമ്മിൽ ഞാൻ വിചാരിച്ച കാര്യങ്ങൾ എല്ലാം നടത്താൻ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്. എനിക്ക് സിപിഎമ്മിൽ ഒരു പൊസിഷൻ തന്നാലും ഇല്ലെങ്കിലും ഞാൻ ഇറങ്ങും. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. അതിന് ഞാൻ എല്ലാ സ്ഥലത്തും ഇറങ്ങി ഒരു കസറ് ഞാൻ കസറും. ഒരു സ്പോർട്ട് മാൻ എന്ന രീതിയിൽ എനിക്ക് എത്തിച്ചേരാൻ പറ്റുന്ന എല്ലാ സ്ഥലത്തും ഞാൻ പോവും.

ആ സ്റ്റേജിൽ കയറി സിപിഎം എന്താണ്, ബിജെപി എന്താണ്, കോൺഗ്രസ് എന്താണെന്ന് എന്ന് പറഞ്ഞ് ഞാൻ കുറെ പ്രസംഗം നടത്തും. അതിൽ യാതൊരു സംശയവുമില്ല..”, ഭീമൻ രഘു അഭിമുഖത്തിൽ പറഞ്ഞു. സിപിഎമ്മയുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും തന്റെ പിതാവ് ഇടതുമുന്നണിക്ക് വേണ്ടി ചങ്ങനാശേരിയിൽ മത്സരിച്ചിട്ടുണ്ടെന്നും പിതാവിന്റെ അനിയനെ മുഖ്യമന്ത്രിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.