‘ബേസിൽ ജോസഫിനും കുടുംബത്തിനും ഒപ്പം സഞ്ജു സാംസണും ഭാര്യയും..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ തമ്മിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് പതിവ് കാഴ്ചയാണ്. ബോളിവുഡ് നടന്മാർ പക്ഷെ സിനിമ താരങ്ങളായി മാത്രമല്ല, രാഷ്ട്രീയ നേതാക്കളുമായും ക്രിക്കറ്റ് താരങ്ങളുമായും ഒക്കെ സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. നമ്മുടെ ഈ കൊച്ചുകേരളത്തിലും അത്തരത്തിലൊരു സൗഹൃദം. ഒരു സിനിമ താരവും ക്രിക്കറ്റ് താരവും തമ്മിലുള്ള സൗഹൃദബന്ധം.

സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫും ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണും തമ്മിലുള്ള സൗഹൃദമാണ് മലയാളികൾ ശ്രദ്ധിക്കുന്നത്. ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ സമയം തൊട്ടാണ് ഇരുവരും തമ്മിൽ സുഹൃത്തുക്കളാകുന്നത്. പൊതുവേ ക്രിക്കറ്റ് കളിക്കാൻ താല്പര്യമുള്ള ഒരാളാണ് ബേസിൽ എന്ന് ഷൂട്ടിങ്ങിൽ ലൊക്കേഷനിലെ വീഡിയോ ഇറങ്ങുമ്പോൾ മനസ്സിലാകാറുണ്ട്.

ഇപ്പോൾ ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്. ബേസിലും ഭാര്യ എലിസബത്തിനും കുഞ്ഞ് ജനിച്ചപ്പോൾ അവരെ കാണാൻ വേണ്ടി സഞ്ജുവും ഭാര്യ ചാരുലതയും വീട്ടിൽ എത്തിയതിന്റെ ചിത്രങ്ങൾ ബേസിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് വീണ്ടും കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങൾ ബേസിൽ തന്നെ പങ്കുവച്ചിരിക്കുകയാണ്. എവിടെ വച്ച് കണ്ടപ്പോൾ എടുത്തതാണെന്ന് വ്യക്തമല്ല.

ബേസിലും ഭാര്യ എലിസബത്തും കുഞ്ഞിനും ഒപ്പം സഞ്ജുവും ഭാര്യ ചാരുലതയും നിൽക്കുന്ന ഫോട്ടോയാണ് ബേസിൽ പോസ്റ്റ് ചെയ്തത്. ഇത് കൂടാതെ ബേസിലും സഞ്ജുവും മുൻ കേരള ക്രിക്കറ്റ് താരമായ റൈഫി വിൻസെന്റ് ഗോമസിന് ഒപ്പം നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ബേസിലിന്റെയും സഞ്ജുവിന്റേയും ആരാധകർ ഫോട്ടോസ് ഏറ്റെടുത്തിട്ടുണ്ട്. സഞ്ജു വെസ്റ്റ് ഇൻഡീസുമായുള്ള ഇന്ത്യയുടെ അടുത്ത വൺ ഡേ, ട്വൻറി 20 സ്‌ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്.