‘അനൂപ് മേനോന്റെ നായികയായി ദിൽഷ പ്രസന്നൻ, ‘ഓ സിൻഡ്രല്ല’ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. അതിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത ദിൽഷയെ പിന്നീട് മലയാളികൾ കാണുന്നത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ഷോയിലൂടെയാണ്. ബിഗ് ബോസിൽ എത്തിയ ശേഷം ദിൽഷയ്ക്ക് കുറച്ചുകൂടി ജനശ്രദ്ധനേടാൻ സാധിച്ചിരുന്നു. അത് മാത്രമല്ല ബിഗ് ബോസിൽ വിജയിയാകാനും ദിൽഷയ്ക്ക് സാധിച്ചിരുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ നാലാമത്തെ സീസണിലാണ് ദിൽഷ പങ്കെടുത്തിരുന്നത്. അതുവരെ ബിഗ് ബോസിൽ സ്ത്രീകൾ വിജയിച്ചിട്ടുണ്ടായിരുന്നില്ല. ദിൽഷയിലൂടെ ആ ചരിത്രവും കുറിച്ചിരുന്നു. ബിഗ് ബോസ് ഇറങ്ങിയ ശേഷം ദിൽഷയ്ക്ക് കൂടുതൽ അവസരങ്ങൾ വന്നു. ഇതോടൊപ്പം തന്നെ ദിൽഷ ഡാൻസിലും തന്റെ കഴിവുകൾ കാണിച്ചു. ഡാൻസ് റീലുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലും ആകാറുണ്ടായിരുന്നു.

സിനിമയിൽ നായികയായി അഭിനയിക്കാനും ദിൽഷയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അനൂപ് മേനോന്റെ നായികയായിട്ടാണ് ദിൽഷ അഭിനയിക്കുന്നത്. റെനോൾസ് റഹ്മാനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അനൂപ് മേനോന്റെ തിരക്കഥയിൽ ബാദുഷാ എൻ.എം ആണ് നിർമ്മിച്ചിരിക്കുന്നത്. ‘ഓ സിൻഡ്രല്ല’ എന്നാണ് സിനിമയുടെ പേര്. നർത്തകിയായിട്ടാണ് ദിൽഷ അഭിനയിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. സുഹൃത്തുക്കളെ തട്ടിമാറ്റി ഫ്ലാറ്റിന്റെ പടികൾ കയറിവരുന്ന അനൂപ് മേനോന്റെ രംഗവും പിന്നീട് കയറിവരുമ്പോൾ ദിൽഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നൃത്തം കാണുന്നതും അനൂപ് മേനോൻ തൊഴുത് നിൽക്കുന്നതുമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. അനൂപ് മേനോൻ, ദിൽഷ, അജു വർഗീസ് എന്നിവരാണ് പ്രധാന റോളുകൾ ചെയ്യുന്നത്.