‘ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഈ ഡയലോഗ് പറയുമെന്ന് തോന്നുന്നില്ല..’ – പോസ്റ്റുമായി അശ്വതി ശ്രീകാന്ത്

‘ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഈ ഡയലോഗ് പറയുമെന്ന് തോന്നുന്നില്ല..’ – പോസ്റ്റുമായി അശ്വതി ശ്രീകാന്ത്

മമ്മൂട്ടി എന്ന അതുല്യനടൻ നായകനായി എത്തിയ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ ചർച്ച ആയതായിരുന്നു ഓൺലൈൻ പ്ലാറ്റുഫോമുകളിലും പുറത്തും. സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് കൂടുതലും പഴികേൾക്കേണ്ടി വന്നത് മമ്മൂട്ടി എന്ന നടനായിരുന്നു. എന്നാൽ സിനിമയെ സിനിമയായി കാണണമെന്ന് ഒരുകൂട്ടർ ഇതിനെ എതിർത്ത് പറയുകയും ഉണ്ടായി.

ഇപ്പോഴിതാ മമ്മൂട്ടി നായകനായ ദുബായ് എന്ന സിനിമയിലെ ഒരു സീനിൽ പറയുന്ന ഡയലോഗിന് എതിരെ പ്രതികരിച്ചിരിക്കുകയാണ് നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. മറ്റൊരാൾ പോസ്റ്റ് ചെയ്ത വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് അശ്വതി അതിന് എതിരെ പ്രതികരിച്ചത്. താൻ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലായെന്നും അശ്വതി കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.

അശ്വതിയുടെ പോസ്റ്റിലെ വാക്കുകൾ, ‘ഞാൻ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേൽ തന്നെ ആ കാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോൾ ഇത് കാണുന്ന എല്ലാവർക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കിൽ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാൻ ഒരു സ്ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല.

ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഇത് പറയാൻ തയാറാകുമെന്നും തോന്നുന്നില്ല. അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാൻ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്.. നമ്മൾ മാറുന്നുണ്ട്. ഇനിയും മാറും..’, എന്നായിരുന്നു അശ്വതിയുടെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്.

പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയതോടെ ചിലർ അശ്വതി പോസ്റ്റ് ചെയ്തതിന് എതിരെ കമന്റുകൾ ഇട്ടിട്ടുമുണ്ട്. സിനിമ മുഴുവനായി കാണാതെ ഈ രംഗം മാത്രം പ്രതികരിച്ചത് മോശമായി എന്നാണ് ചിലർ പറഞ്ഞത്. ഇത് ഡയലോഗ് പറയാൻ കാരണമായ ഒരു സീനും ഒരാൾ കമന്റ് ബോക്സിൽ കൊടുക്കുകയുണ്ടായി. ആ ഡയലോഗിന് മുന്‍പ് ഇങ്ങനെ ഒരു അനുവാദം ചോദിക്കല്‍ കൂടെ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം വീഡിയോയോടൊപ്പം നൽകിയ മറുപടി.

CATEGORIES
TAGS