‘വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന ഒരു നല്ല അച്ഛൻ..’ – പിന്തുണച്ച് നടി അശ്വതി

മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടൻ സുരേഷ് ഗോപിക്ക് എതിരെ മാപ്പ് പറഞ്ഞിട്ടും കേസ് എടുത്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വരുന്ന താരങ്ങളുടെ എണ്ണം കൂടി വരികയാണ്. സീരിയൽ നടിയായ അശ്വതിയും സിനിമ നടി ജ്യോതി കൃഷ്ണയും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ സുരേഷ് ഗോപിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

അശ്വതിയുടെ വാക്കുകൾ ഇങ്ങനെ, “ഒരു നല്ല മനുഷ്യൻ, ഒരു നല്ല മനുഷ്യസ്നേഹി.. അകാലത്തിൽ വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്നൊരു നല്ല അച്ഛൻ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളിവാരി എറിയരുത്. തന്റെ പ്രവർത്തി ആ കുട്ടിയെ വേദനിപ്പിച്ചുവെന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസ്സിന്റെ വലിപ്പം.

സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ വ്യക്തിഹ ത്യ നടത്താനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഉപയോഗിക്കാതിരിക്കുക.. അതിന് ലഭിക്കുന്ന തിരിച്ചടികളുടെ കാലം വിദൂരമല്ല..”, നടി അശ്വതി കുറിച്ചു. അശ്വതിയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളും വന്നിട്ടുണ്ട്. ജ്യോതികൃഷ്ണയാകട്ടെ ഒറ്റവരിയിലൂടെയാണ് തന്റെ പിന്തുണ അറിയിച്ചത്.

“എന്നും എപ്പോഴും ഈ നല്ല മനുഷ്യനോടൊപ്പം..”, ജ്യോതി സുരേഷ് ഗോപിക്ക് ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോയോടൊപ്പം കുറിച്ചു. നടൻ ജോയ് മാത്യു, വിവേക് ഗോപൻ, മേജർ രവി, ബാബുരാജ്, ശ്രീവിദ്യ മുല്ലശേരി, മഞ്ജുവാണി, ഭാഗ്യലക്ഷ്മി, മിമിക്രി കലാകാരന്മാരുടെ സംഘടന എന്നിവർ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. സിനിമ മേഖലയിലെ ഒട്ടുമിക്ക ആളുകൾക്കും സുരേഷ് ഗോപി എന്ന വ്യക്തിയെ കുറിച്ച് അറിയുന്നതുകൊണ്ട് തന്നെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കൂടുതലാണ്.