‘എന്തിന് ഈ കടുംകൈ ചെയ്തു! നടി രഞ്ജുഷ മേനോൻ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ..’ – ഞെട്ടലോടെ മലയാളികൾ

പ്രശസ്ത സിനിമ, സീരിയൽ നടിയായ രഞ്ജുഷ മേനോൻ സ്വന്തം ഫ്ലാറ്റിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് രഞ്ജുഷയുടെ മൃതദേഹം കണ്ടെത്തുന്നത്. സാമ്പത്തിക പ്രശ്നം മൂലമാണെന്ന് ചില റിപ്പോർട്ടുകളുണ്ടെങ്കിലും പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. അത് തന്നെയാണോ യഥാർത്ഥ കാരണമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

കൊച്ചി സ്വദേശിനിയായ രഞ്ജുഷ ടെലിവിഷൻ ചാനലിൽ അവതാരകയായിട്ടാണ് തന്റെ കരിയർ ആരംഭിക്കുന്നത്. സ്ത്രീ എന്ന പരമ്പരയിലൂടെ ടെലിവിഷൻ മേഖലയിൽ അഭിനയത്രിയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മുപ്പതിൽ അധികം ടെലിവിഷൻ സീരിയലുകളിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ അഭിനയിച്ച സമയത്ത് സിനിമയിൽ അഭിനയിക്കാനും രഞ്ജുഷയ്ക്ക് അവസരം ലഭിച്ചു.

വിവാഹിതയായ രഞ്ജുഷ, ഭർത്താവിന് ഒപ്പം കഴിഞ്ഞ ഏതാനം വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു. ഒരു മകളുമുണ്ട്. മകളുടെ അമ്മ, സ്ത്രീ, നിഴലാട്ടം, ബാലാമണി തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് പരമ്പരകളിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. തലപ്പാവ്, ബോംബെ മാർച്ച് 12,വൺവേ ടിക്കറ്റ്, അത്ഭുതദ്വീപ്, ക്ലാസ്സ്‌മേറ്റ്സ്, മേരിക്കൊണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സൂര്യ ടിവിയിലെ ആനന്ദ രാഗം എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു രഞ്ജുഷ ഇപ്പോൾ. സീരിയലിൽ ലൈൻ പ്രൊഡ്യൂസറായി ജോലി ചെയ്തിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് ചില റിപ്പോർട്ടുകൾ മരണവാർത്തയ്ക്ക് ഒപ്പം വന്നിരുന്നു. മികച്ചയൊരു നർത്തകി കൂടിയായിരുന്നു താരം. ഭരതനാട്യത്തിൽ ഡിഗ്രിയുള്ള ഒരാളാണ് രഞ്ജുഷ. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം.