‘ആദ്യ ഉരുള മകൾക്ക്.. അമ്മയുടെ 75ാം പിറന്നാൾ ആഘോഷമാക്കി നടി ആശ ശരത്ത്..’ – വീഡിയോ കാണാം

‘കുങ്കുമപ്പൂവ്’ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ആശ ശരത്ത്. പിന്നീട് മോഹൻലാൽ നായകനായ ദൃശ്യത്തിലെ ‘ഐ.ജി ഗീതാപ്രഭാകർ’ എന്ന കഥാപാത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെയും പ്രിയങ്കരിയായി ആശ മാറിയിരുന്നു. ആശ ശരത്തിന്റെ ആദ്യ സിനിമ പക്ഷേ അതായിരുന്നില്ല. ഫ്രൈഡേ ആയിരുന്നു ആശ ശരത്ത് ആദ്യമായി അഭിനയിച്ച ചിത്രം.

ഇപ്പോഴിതാ തന്റെ അമ്മയുടെ 75ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ആശ ശരത്ത്. അമ്മയുടെ പിറന്നാളിന് ഗംഭീരമായ ഒരു സദ്യ തന്നെ ഒരുക്കുകയും അമ്മയ്ക്ക് ഒപ്പം ഇരുന്ന സദ്യ കഴിക്കുന്നതിന്റെ ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ആശ ശരത്ത് പങ്കുവെക്കുകയും ചെയ്തിരുന്നു. പ്രശസ്ത നർത്തകിയായ കലാമണ്ഡലം സുമതിയാണ് ആശയുടെ അമ്മ.

നിരവധി ആരാധകരാണ് ആശയുടെ അമ്മയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്. അമ്മയ്ക്ക് ഓരൊരുള ചോറ് കൊടുക്കുന്നതും തിരിച്ച് മകൾക്ക് കൊടുക്കുന്നതുമെല്ലാം ആശയുടെ വീഡിയോയിൽ കാണാൻ സാധിക്കും. പോസ്റ്റിനോടൊപ്പം ഹൃദ്യമായ ഒരു കുറിപ്പും ആശ പങ്കുവയ്ക്കാൻ മറന്നില്ല. “ജന്മം തന്നു.. ജീവാമൃതം പകർന്നു.. വളർത്തിയ സ്നേഹ സ്വരൂപം.

എല്ലാ രുചികളും നാവിൽ എഴുതിയത് അമ്മയാണ്.. ഓരോ ചുവടും മുദ്രയും അമ്മയാണ്.. ഗുരുവും ദൈവവും ലോകവും.. അമ്മയ്ക്ക് ഇന്ന് 75ാം പിറന്നാൾ ദിനം..”, ആശ ശരത്ത് പോസ്റ്റിനോടൊപ്പം കുറിച്ചു. ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ആശ ശരത്ത് അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. ആശ ശരത്തിന്റെ മകൾ ഉത്തരയും സിനിമയിലേക്ക് എത്തിയിരുന്നു.