‘അച്ഛൻ പോയി.. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ അച്ഛന്റെ മകളായി തന്നെ ജനിക്കണം..’ – വേദന പങ്കുവച്ച് ആശ ശരത്ത്

‘അച്ഛൻ പോയി.. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ അച്ഛന്റെ മകളായി തന്നെ ജനിക്കണം..’ – വേദന പങ്കുവച്ച് ആശ ശരത്ത്

‘കുങ്കുമപ്പൂവ്‌ എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു ആശ ശരത്ത്. പിന്നീട് സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകർ കൈയിലെടുത്ത താരം നല്ലയൊരു നർത്തകി കൂടിയാണ്. ഏറെ വേദന നിറഞ്ഞ ഒരു വാർത്ത തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് താരം.

ആശ ശരത്തിന്റെ അച്ഛൻ വി.എസ് കൃഷ്ണൻ കുട്ടി നായർ ഈ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. അച്ഛന്റെ വേദനയിൽ അദ്ദേഹത്തെ അനുസ്മരിച്ച് താരം എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധനേടുന്നത്. “അച്ഛൻ പോയി.. എന്റെ സൂര്യനും, തണലും, ജീവിതവും ആയിരുന്നു അച്ഛൻ. ജീവിക്കാൻ കൊതി ആയിരുന്നു അച്ഛന് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഇന്ന് ഞാനറിയുന്നു, അല്ല!! അച്ഛൻ നിറഞ്ഞു നിൽക്കുന്ന പഞ്ച ഭൂതങ്ങൾ എന്നോട് പറയുന്നു. അത് കൊതി ആയിരുന്നില്ല.

ശ്വാസം നിന്നുപോയിയെന്ന് തോന്നിയപ്പോൾ അവിടെ നിന്നും എന്നെയും അമ്മയെയും കൈപിടിച്ച് മുന്നോട്ട് നയിക്കാനായിരുന്നു അച്ഛൻ ജീവിക്കാൻ കൊതിച്ചത്. ഞാൻ കണ്ട ഏറ്റവും സാർത്ഥകമായ ജീവിതം. എന്നും തല ഉയർത്തി പിടിച്ച് സ്വന്തം കർമ്മ-ധർമ്മങ്ങൾ നൂറു ശതമാനവും ചെയ്ത് തീർത്ത് അദ്ദേഹം അരങ്ങ് ഒഴിഞ്ഞു. ഹൃദയം പിളർക്കുന്ന വേദനയിലും ഞാൻ അഭിമാനിക്കുന്നു.. ആ അച്ഛന്റെ മകളായി ജനിച്ചതിൽ.

ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ആ അച്ഛന്റെ മകളായി തന്നെ എനിക്ക് ജനിക്കണം.. അച്ഛാ സുഖമായി.. സന്തോഷമായി.. വിശ്രമിക്കു.. ദൈവഹിതം അനുസരിച്ച് സമയമാകുമ്പോൾ ഞാനും എത്താം.. അതു വരെ ഞാൻ അച്ഛൻ പകർന്ന് തന്ന വെളിച്ചത്തിൽ മുന്നോട്ട് പോട്ടെ.. ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിന് നന്ദി പറയട്ടെ.. നൂറായിരം ഉമ്മകൾ..’, ആശ ശരത്ത് കുറിച്ചു.

CATEGORIES
TAGS