‘സുരേഷ് അങ്കിൾ എനിക്ക് അച്ഛന്റെ സ്ഥാനം, അദ്ദേഹം എന്താണെന്ന് ജനങ്ങൾക്ക് അറിയാം..’ – അമൃത സുരേഷ്

സിനിമ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയെ കുറിച്ചുള്ള തന്റെ അനുഭവങ്ങളും സ്നേഹവും പ്രകടിപ്പിച്ച് ഗായിക അമൃത സുരേഷ്. സുരേഷ് ഗോപി തനിക്ക് അച്ഛന്റെ സ്ഥാനത്താണെന്നും അദ്ദേഹത്തിനെ ഇപ്പോഴുള്ള വിവാദങ്ങൾ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാമെന്നും സുരേഷ് ഗോപിയെ കുറിച്ചുള്ള ഫാൻ മീറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോൾ അമൃത സുരേഷ് പങ്കുവച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

“സുരേഷ് അങ്കിൾ എന്ന വ്യക്തി എന്റെ ജീവിതത്തിലേക്ക് വരുന്നത് മൗനമേ എന്ന പാട്ടിലൂടെയാണ്. ഈ പാട്ട് ഞാൻ സ്റ്റാർ സിംഗറിൽ പാടിയപ്പോൾ, പാട്ടിന് എനിക്ക് നല്ല മാർക്ക് കിട്ടിയായിരുന്നു. പക്ഷേ കോസ്റ്റ്യുമിന് ഭയങ്കര മാർക്ക് കുറവായിരുന്നു. ആ സമയത്ത് ഒരു ഷെഡ്യൂളിനും നാലും അഞ്ചും പെർഫോമൻസ് വച്ച് പോവുകയാണ്. നമ്മുക്ക് ആ സമയത്ത് ഒരു പോയിന്റ് കഴിഞ്ഞാൽ നമ്മളെ കൊണ്ട് പറ്റുന്നതിലും അപ്പുറത്താണ്. അപ്പോൾ സുരേഷ് അങ്കിളും ആന്റിയും എന്നെയും വീട്ടുകാരെയും വീട്ടിലേക്ക് വിളിച്ചു.

നിനക്ക് വസ്ത്രത്തിന്റെ പേരിൽ ഇനി മാർക്ക് കുറയാൻ പാടില്ലെന്നും മൊത്തം അങ്കിൾ നോക്കിക്കോളാമെന്ന് പറഞ്ഞു. അവിടുന്ന് അവസാനം വരെ അങ്കിളാണ് എന്റെ സ്പോൺസർ ആയിരുന്നത്. അങ്കിളെന്ന് പറയുമ്പോൾ എനിക്കൊരു അച്ഛന്റെ സ്ഥാനമാണ്. അങ്കിൾ എന്നെ സഹിക്കുക എന്ന രീതിയിൽ അല്ല എന്നോട് പെരുമാറിയിട്ടുള്ളത്. അങ്കിളിന്റെ സ്വന്തം ഒരാളെപോലെയാണ് എന്നെ കണ്ടത്. എല്ലാവരോടും അദ്ദേഹം അങ്ങനെയാണ്.

ഒരു പെർഫോമൻസ് കഴിയുമ്പോഴും അങ്കിൾ എന്നെ വിളിച്ച് അത് ശ്രദ്ധിക്കണം അന്ന് അങ്ങനെ പറഞ്ഞിരുന്നേൽ അത് ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞു തരും. അങ്കിൾ എനിക്ക് ജീവനാണ്. ശരിക്കും എന്റെ അച്ഛനും അമ്മയും എങ്ങനെയാണോ പെരുമാറുന്നത് അതുപോലെയാണ് അങ്കിളും ആന്റിയും എന്നോട് പെരുമാറിയിട്ടുളളത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ഒന്നും അങ്കിളിനെ ബാധിക്കുന്ന കാര്യമേയല്ല. അങ്കിൾ എന്താണെന്ന് എല്ലാവർക്കും അറിയാം.. അഭിരാമി കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു..”, അമൃത പറഞ്ഞു.