‘അവളെ തിരികെ കിട്ടി! ജോലിക്കാരിയുടെ മകളെ കണ്ടെത്താൻ പോസ്റ്റിട്ടത് ഗുണമായി..’ – സന്തോഷ വാർത്ത പങ്കുവച്ച് സണ്ണി ലിയോൺ

വീട്ടുജോലികാരിയുടെ മകളെ കാണാനില്ലെന്ന് പോസ്റ്റിട്ട് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. കുട്ടിയെ തിരികെ കിട്ടിയെന്ന് എന്നും ദൈവത്തിന് നന്ദി പറയുന്നതിന് ഒപ്പം പോസ്റ്റ് ഷെയർ ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദിപറയുന്നുവെന്നും സണ്ണി ലിയോൺ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. ഈ മനസ്സ് കാണിച്ചതിന് സണ്ണിയെ ആളുകൾ അഭിനന്ദിക്കുകയും ചെയ്തു.

“ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു! ദൈവം വളരെ വലിയവനാണ്! ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.. കുടുംബത്തിൽ നിന്നും, മുംബൈ പോലീസിന് വളരെയധികം നന്ദി. കാണാതായി 24 മണിക്കൂറിന് ശേഷം അനുഷ്കയെ ഞങ്ങൾക്ക് തിരികെ ലഭിച്ചു. പോസ്റ്റ് ഷെയർ ചെയ്തതിനും വാർത്തകൾ വൈറലാക്കിയതിനും എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു..”, സണ്ണി ഇൻസ്റ്റയിൽ കുറിച്ചു.

മാതാപിതാക്കൾക്ക് ഒപ്പം കുട്ടി നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സണ്ണി ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടുജോലിക്കാരിയുടെ മകളെ കാണാൻ ഇല്ലെന്ന് പറഞ്ഞ് സണ്ണി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചത്. കുട്ടിയെ കണ്ടെത്തുന്നവർക്ക് 50000 രൂപ പാരിദോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു സണ്ണി. മുംബൈയിലെ ജോ​ഗേശ്വരിത്ത് വച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്.