‘ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി, കമ്മ്യൂണിസ്റ്റുകാരനായ അവനെ സർക്കാർ അവഗണിച്ചു..’ – വിമർശിച്ച് വിനയൻ

കലാഭവൻ മണിയുടെ സിനിമ കേരളീയം പരിപാടിയിൽ പ്രദർശിപ്പിക്കാഞ്ഞതിന് സർക്കാരിന് എതിരെ രൂക്ഷമായ പ്രതികരണം നടത്തി സംവിധായകൻ വിനയൻ. ഇടതുപക്ഷത്തിന്റെ മുൻ മന്ത്രി ജി സുധാകരനെ വേദിയിലിരുത്തിയായിരുന്നു വിനായകന്റെ ഈ വിമർശനം. കമ്മ്യൂണിസ്റ്റുകാരനായ മണിയുടെ സിനിമ സർക്കാർ അവഗണിച്ചുവെന്നും ഇതിനെതിരെ കലാകാരന്മാർ രംഗത്ത് വരണമെന്നും ആ വേദിയിൽ വിനയൻ പറഞ്ഞു.

“എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ.. കലാകാരന്മാർ എങ്കിലും സത്യസന്ധമായി സംസാരിക്കണം. അവാർഡ് കിട്ടിയില്ല, പട്ടും വളയും കിട്ടിയില്ല എന്ന് പറഞ്ഞ്, ഈ മണിയടി നിർത്തണം. സത്യസന്ധമായി സംസാരിക്കണം. എവിടെ നേരുണ്ടോ, ഏത് സത്യമായ കാര്യമുണ്ടോ അത് പറയണം. കലാഭവൻ മണി എന്ന പറയുന്നു, ‘ ഞാൻ എന്നും കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറയുന്ന ഒരു അധസ്ഥിതൻ, ഒരു നേരത്തെ ആഹാരം ഇല്ലാതെ ദാരിദ്ര്യത്തിലൂടെ കഷ്ടപ്പെട്ട് വന്ന ഒരു നടൻ.

നിങ്ങൾക്ക് അറിയാം, അവൻ നമ്മളെ കരയിച്ചിട്ടുള്ളവനാ.. അവന്റെയൊരു പടമില്ല ഈ കേരളീയത്തിൽ അറിയുമോ നിങ്ങൾക്ക്? 22 സിനിമകൾ ഇട്ടിട്ടുണ്ട്. 22 സിനിമകൾ ഉണ്ടായിട്ട് ഈ അധസ്ഥിതനായിട്ട്, പട്ടിണിയും തെങ്ങുകയറ്റക്കാരനായ തൊഴിലാളി കേരളത്തിലെ ഞെട്ടിക്കുന്ന നടനായ അകാലത്തിൽ മരിച്ചുപോയ അവന്റെ ഒരു പടം പോലും ഇട്ടിട്ടില്ല. അയാളുടെ ഏറ്റവും നല്ല രണ്ട് സിനിമ എന്റേതായി പോയി.

കരിമാടികുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ഇവര് ഇട്ടില്ല. ഇത്ര നീതിബോധമില്ലാത്ത അവസ്ഥ ഉണ്ടാകരുത്. അതിനെതിരെ കലാകാരന്മാർ പ്രതികരിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു..”, വേദിയിൽ വിനയൻ പറഞ്ഞു. വിനയൻ പറഞ്ഞത് സത്യമാണെന്ന് രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളും വന്നിട്ടുണ്ട്. എന്തുകൊണ്ട് മണിയുടെ ചിത്രം ഇട്ടില്ല എന്നാണ് ചോദ്യം ഉയർന്നത്.