‘ആറ് പ്ലോട്ടുകൾ അദ്ദേഹം പറഞ്ഞു!! കമൽ ഹാസനും അൽഫോൻസ് പുത്രനും ഒന്നിക്കുന്നു?’ – ഏറ്റെടുത്ത് ആരാധകർ

പ്രേമം എന്ന് സിനിമയോടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ ഒരു സംവിധായകനാണ് അൽഫോൻസ് പുത്രൻ. കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിൽ പോലും തരംഗമായ ഒരു സിനിമയായിരുന്നു അത്. അതിന്റെ തമിഴ് റീമേക്ക് ഇറക്കാതിരിക്കാനുള്ള കാരണം പ്രേമം മലയാളം തന്നെ അവിടെ വലിയ തരംഗമായിരുന്നു. അതുകൊണ്ട് തന്നെ അൽഫോൻസ് എന്ന സംവിധായകനിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട്.

പൃഥ്വിരാജ് നായകനായി അൽഫോൻസ് സംവിധാനം ചെയ്ത ഗോൾഡ് പക്ഷേ തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. ആ സിനിമയുടെ പേരിൽ ഒരുപാട് വിമർശനങ്ങളും അൽഫോൻസ് കേൾക്കേണ്ടി വന്നു. സിനിമയുടെ പരാജയം അംഗീകരിക്കാൻ അൽഫോൻസിനും ബുദ്ധിമുട്ടായിരുന്നു. അൽഫോൻസിൻറെ അതിന് ശേഷമുള്ള പോസ്റ്റുകളിൽ നിന്ന് അത് മലയാളികൾക്ക് വ്യക്തമാവുകയും ചെയ്തു.

അൽഫോൻസിൻറെ ആദ്യ സിനിമ മലയാളത്തിലും തമിഴിലും ഒരേപോലെ റിലീസ് ചെയ്ത നേരം ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ മലയാളി ആണെങ്കിൽ കൂടിയും അൽഫോൻസിൽ നിന്ന് ഒരു തമിഴ് സിനിമ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ കമൽ ഹാസനൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അൽഫോൻസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ട്വിറ്ററിൽ.

“എന്റെ ജീവിതത്തിൽ ആദ്യമായി സിനിമയിലെ എവറസ്റ്റ് കൊടുമുടി ഉലഗനായകനെ നേരിൽ കണ്ടു.. കാലിൽ വീണു അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന്റെ വായിൽ നിന്ന് ഏകദേശം 5-6 സിനിമാ പ്ലോട്ടുകൾ കേട്ടു.. എന്റെ എഴുത്ത് പുസ്തകത്തിൽ പേന ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ ഞാൻ പറ്റുന്നതൊക്കെ കുറിച്ചെടുത്തു..”, അൽഫോൻസ് കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.