‘മാത്യൂസിന് പോലെയൊരു ഫീൽ എനിക്കും കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുന്നു..’ – അൽഫോൻസ് പുത്രൻ

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുന്ന ഒരു സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത രജനികാന്ത് നായകനായ ജയിലർ തിയേറ്ററുകളിൽ വലിയ വിജയമായി മാറി കഴിഞ്ഞിരിക്കുകയാണ്. 300 കോടിയിൽ അധികം സിനിമ നേടി കഴിഞ്ഞു. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ സിനിമയിൽ അഥിതി വേഷത്തിലും വിനായകൻ വില്ലൻ വേഷത്തിലും അഭിനയിച്ചിരുന്നു.

ജയിലറിൽ മോഹൻലാൽ മാത്യൂസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വെറും രണ്ട് സീനുകളിൽ മാത്രമേ മോഹൻലാൽ ഉണ്ടായിരുന്നൊള്ളുവെങ്കിൽ കൂടിയും ആരാധകർക്ക് വേണ്ടിയിരുന്ന ഐറ്റം ആ രണ്ട് സീനുകളിലും കൊടുക്കാൻ കഴിഞ്ഞിരുന്നു. മോഹൻലാലിൻറെ സ്റ്റൈലിഷ് ലുക്കും ക്ലൈമാക്സിലെ സ്വഗും എല്ലാം പ്രേക്ഷകരെ ഏറെ തൃപ്തിപ്പെടുത്തി. അത്തരം ഒരു വേഷം മലയാളി പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു.

ജയിലറിലെ മോഹൻലാലിൻറെ കഥാപാത്രം ആരാധകർക്ക് മാത്രമല്ല, മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരുപാട് പേർക്കാണ് ഇഷ്ടപ്പെട്ടത്. ഇപ്പോഴിതാ സംവിധായകനായ അൽഫോൻസ് പുത്രൻ ജയിലറിലെ മോഹൻലാലിൻറെ കഥാപാത്രത്തെ കുറിച്ച് അഭിപ്രായം പങ്കുവച്ചിരിക്കുകയാണ്. “ഏതാണ്ട് ഈ ഒരു ഫീൽ കൊണ്ടുവരാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ..”, അൽഫോൻസ് കുറിച്ചു.

മോഹൻലാലിന്റെ മാത്യൂസ് ലുക്ക് ഫോട്ടോ പങ്കുവച്ചുകൊണ്ട് അൽഫോൻസ് പോസ്റ്റ് ഇട്ടത്. ഇതിന് താഴെ അൽഫോൻസിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. നെൽസൺ ബീസ്റ്റ് പരാജയപ്പെട്ട ശേഷം തിരിച്ചു വരാമെങ്കിൽ അൽഫോൻസിന് ഗോൾഡിന്റെ പരാജയത്തിൽ നിന്നും തിരിച്ചുവരാൻ സാധിക്കുമെന്ന് നിരവധി പേരാണ് അറിയിച്ചത്. മോഹൻലാലിനൊപ്പം അൽഫോൻസ് സിനിമ ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.