‘സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി സൂര്യ, കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേർന്ന് താരം..’ – വീഡിയോ

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് തമിഴ് നടൻ സൂര്യ. ഇന്നലെ കൊച്ചിയിലെ സിദ്ദിഖിന്റെ കാക്കനാടുള്ള വീട്ടിൽ എത്തിയാണ് സൂര്യ അനുശോചനം രേഖപ്പെടുത്തിയത്. ഒരുപാട് നേരം സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ച് അവർക്കൊപ്പം ചിലവഴിച്ച ശേഷമാണ് സൂര്യ തിരികെ പോയത്. നിർമ്മാതാവ് രാജശേഖറും സൂര്യയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

സൂര്യയുടെ സിനിമ കരിയറിന്റെ തുടക്കത്തിൽ വലിയ ഹിറ്റായി മാറിയ സിനിമയുടെ സംവിധായകനാണ് സിദ്ദിഖ്. മലയാളത്തിൽ ഇറങ്ങി സൂപ്പർഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമ അതെ പേരിൽ തന്നെ സിദ്ദിഖ് റീമേക്ക് ചെയ്തിരുന്നു. അതിൽ ജയറാമിനും മുകേഷിനും പകരം അവിടെ വിജയിയും സുര്യയുമാണ് അഭിനയിച്ചത്. ഫ്രണ്ട്‌സ് തമിഴ് നാട്ടിൽ 175-ൽ അധികം ദിവസങ്ങളിലാണ് തിയേറ്ററിൽ ഓടിയത്.

ഒരു ഇടവേളയ്ക്ക് ശേഷം സൂര്യയ്ക്ക് ലഭിച്ച വലിയയൊരു ബ്രേക്ക് ആയിരുന്നു ആ ചിത്രം. സൂര്യയ്ക്ക് മാത്രമല്ല വിജയിയുടെ കരിയറിലെ വലിയ മാറ്റങ്ങൾ കൊണ്ടുകൊടുത്ത ചിത്രമായിരുന്നു ഫ്രണ്ട്സ്. അതുകൊണ്ട് തന്നെ സൂര്യയ്ക്ക് സിദ്ദിഖിനോട് ഏറെ സ്നേഹവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട സൂര്യ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ തന്റെ ദുഖം രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചിരുന്നു.

“ഓർമ്മകൾ കൊണ്ട് എന്റെ ഹൃദയം വേദനിക്കുന്നു.. നികത്താനാവാത്ത ഒരു നഷ്ടമാണ് സിദ്ദിഖ് സാറിന്റെ വേർപാട്. എന്റെ കരിയർ ഫ്രണ്ട്സ് സിനിമ എല്ലാതരത്തിലും പ്രധാനപ്പെട്ടത് ആയിരുന്നു. സീനിൽ ഒരു ചെറിയ മാറ്റം കൊണ്ടുവന്നാൽ പോലും അദ്ദേഹം അതിനെ അഭിനന്ദിച്ചിരുന്നു. സിനിമയെ എങ്ങനെ നോക്കികാണണമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. ഫ്രണ്ട്സ് എടുക്കുമ്പോൾ അദ്ദേഹം ഒരു സീനിയർ സംവിധായകനായിരുന്നു.

പക്ഷേ അദ്ദേഹം എല്ലാവരുടെയും സെറ്റിൽ ഒരുപോലെ കാണുകയും സ്നേഹത്തോട് പെരുമാറുകയും ചെയ്തിരുന്നു. ആരോടും ചൂടായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നിലും എന്റെ കഴിവിൽ അദ്ദേഹം എനിക്ക് കോൺഫിഡൻസ് തന്നു. വർഷങ്ങൾക്ക് ശേഷം എന്നെ കണ്ടപ്പോൾ എന്റെ കുടുംബത്തെ കുറിച്ച് ചോദിക്കുകയും ചെയ്തു. ഒരു നടൻ എന്ന നിലയിലെ എന്റെ വളർച്ചയുടെ പാതയിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യും..”, സൂര്യ അന്ന് സിദ്ദിഖ് വിട പറഞ്ഞ ദിവസം കുറിച്ചു.