‘ഇത് നമ്മുടെ അവസാന ചിത്രമാകുമെന്ന് കരുതിയില്ല, സത്യം പുറത്തുവരണം..’ – ഷഹനയെ കുറിച്ച് നടൻ മുന്ന സൈമൺ

കഴിഞ്ഞ ദിവസമാണ് മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത ഓരോ മലയാളികളും കേട്ടത്. സംഭവമായി ബന്ധപ്പെട്ട് ഷഹനയുടെ ഭർത്താവ് സജാദ് പൊലീസിന്റെ കസ്റ്റഡിയിലാണ്. സജാദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വെറും 20 വയസ്സ് മാത്രം പ്രായമുള്ള യുവനടിയായ ഷഹനയുടെ മരണത്തെ സിനിമ ലോകത്തിന് വിശ്വസിക്കാൻ കഴിയുന്നില്ല.

മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ മുന്ന സൈമൺ ഷഹനയുടെ ഓർമ്മയിൽ വേദന പങ്കിട്ടിരിക്കുകയാണ്. ഷഹന ആദ്യമായി അഭിനയിച്ച തമിഴ് ചിത്രത്തിൽ മുന്നയും അഭിനയിച്ചിരുന്നു. അതിന്റെ ലൊക്കേഷനിൽ വച്ച് എടുത്ത ഫോട്ടോസും വീഡിയോയും പങ്കുവച്ചുകൊണ്ടാണ് മുന്ന സുഹൃത്തിന്റെ വേർപാടിൽ ദുഖം പങ്കുവച്ചത്. മറ്റുള്ളവരെ പോലെ ഞെട്ടലോടെയാണ് മുന്നയും മരണം വാർത്ത അറിഞ്ഞത്.

“നി ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒരുമിച്ച് എടുത്ത ആദ്യ ചിത്രം. ഒരു വാഗ്ദാനമായ നടി. ദാരുണമായ അന്ത്യം.. നിന്നോടൊപ്പം അഭിനയിച്ച നല്ല ഓർമ്മകൾ. നിന്നെ വളരെയധികം മിസ് ചെയ്യുന്നു, വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാർത്ഥനകൾ..”, മുന്ന ഫോട്ടോയോടൊപ്പം കുറിച്ചു. “ഇത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല. ചിത്രീകരണത്തിന്റെ അവസാന ദിവസം എടുത്തതാണ്.

അത്രയ്ക്ക് പ്രതീക്ഷയുള്ള നടി. സത്യം ഉടൻ പുറത്തുവരണം. നീ ഞങ്ങളെ എല്ലാവരെയും ഉപേക്ഷിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ ചെറുപ്പം, പറയാൻ വാക്കുകളില്ല. പ്രാർത്ഥനകൾ മാത്രം..”, മുന്ന മറ്റൊരു പോസ്റ്റിൽ ഷഹനയെ കുറിച്ചുള്ള ഓർമ്മ പങ്കുവച്ചു. അതെ സമയം ഷഹനയുടെ ഇൻസ്റ്റാഗ്രാമിൽ മരിക്കുന്നതിന് 2 ദിവസം മുമ്പ് വരെ സന്തോഷവതിയായുള്ള പോസ്റ്റുകളാണ് ഇട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഷഹനയുടെ മരണത്തിൽ പിന്നിലുള്ള സംശയങ്ങൾ കൂടിവരികയാണ്.