‘ഇതെന്റെ അവസാന ചിത്രമായിരിക്കും.. ഞാൻ രണ്ട് മാസം ഗർഭിണിയാണ്..’ – സൗന്ദര്യയുടെ അവസാന വാക്കുകളെ കുറിച്ച് സംവിധായകൻ
മലയാളത്തിൽ വെറും രണ്ടേ രണ്ട് സിനിമകളിൽ മാത്രമാണ് ആ നടി അഭിനയിച്ചത്. ആ രണ്ട് സിനിമകൾകൊണ്ട് തന്നെ പ്രേക്ഷർക്ക് ഒരുപാട് പ്രിയങ്കരിയായി അവർ മാറി കഴിഞ്ഞിരുന്നു. അവരുടെ അടുത്ത മലയാള സിനിമക്ക് വേണ്ടി കാത്തിരുന്ന മലയാളികൾ പക്ഷേ കേട്ട വാർത്ത ഏറെ വിഷമിപ്പിക്കുന്നതായിരുന്നു.
ബാംഗ്ലൂരിൽ നിന്ന് ആന്ധ്ര പ്രദേശിലേക്ക് അവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന് ആ നടിയുടെ മരണവർത്തയാണ് ആരാധകർ കേട്ടത്. സൗന്ദര്യ സത്യനാരായണ. പേര് പോലെ അതിസുന്ദരിയായ ആ നടിയെ മലയാളികൾ മറക്കുകയില്ല. ജയറാമിന്റെയും മോഹൻലാലിൻറെ നായികയായി തിളങ്ങിയ സൗന്ദര്യ.
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ സൗന്ദര്യ പിന്നീട് കിളിച്ചുണ്ടൻ മാമ്പഴം എന്ന മോഹൻലാൽ ചിത്രത്തിൽ മാത്രമേ അഭിനയിച്ചുള്ളൂ. തൊട്ട് അടുത്ത വർഷം ആ അഭിനയപ്രതിഭയെ നമ്മൾക്ക് നഷ്ടമായി. തമിഴ്, തെലുഗ്, കന്നഡ സിനിമകളിൽ 12 വർഷത്തോളം അടക്കി ഭരിച്ച നായിക കൂടിയാണ് സൗന്ദര്യ.
ഇപ്പോഴിതാ സൗന്ദരിയെ തമിഴിലേക്ക് കൊണ്ടുവന്ന സംവിധായകൻ ആർ.വി ഉദയകുമാർ നടിയുടെ അവസാന വാക്കുകൾ ഓർത്തെടുക്കുകയാണ്. പൊന്നുമണി എന്ന ചിത്രത്തിലാണ് സൗന്ദര്യ ആദ്യമായി തമിഴിൽ അഭിനയിച്ചത്. ഉദയകുമാറിന്റെ വാക്കുകൾ ഇങ്ങനെ – ‘ സൗന്ദര്യ ആദ്യ സിനിമയുടെ സമയത്ത് എന്നെ അണ്ണാ എന്നാണ് വിളിച്ചത്, ആ വിളി എനിക്ക് ഇഷ്ടമല്ലായിരുന്നു.
സാർ എന്ന് വിളിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു. പക്ഷേ പിന്നീട് ഞാൻ അവളെ സഹോദരിയായി കണ്ടു തുടങ്ങുകയും അതിനു ശേഷം എന്നെ അണ്ണാ എന്ന് വിളിക്കുന്നതിൽ ഞാൻ തൃപ്‌തനായി. എന്നോട് പ്രതേക സ്നേഹവും ആദരവും അവർക്കുണ്ടായിരുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോൾ സൗന്ദര്യയും അതിൽ ഒരു വേഷം ചെയ്തിരുന്നു. സൗന്ദര്യയുടെ വിവാഹത്തിന് വിളിച്ചിരുന്നു പക്ഷേ എനിക്ക് പോകാൻ പറ്റിയില്ല.
ആ സമയത്ത് സൗന്ദര്യ എന്നെ ഒരു ദിവസം വിളിച്ചു. ഇതെന്റെ അവസാന ചിത്രമായിരിക്കും, ഞാൻ രണ്ട് മാസം ഗർഭിണിയാണ്. ഇനി ഒരിക്കലും അഭിനയിക്കില്ലായെന്ന് എന്നോട് പറഞ്ഞു. കുറെ നേരം എന്നോടും ഭാര്യയോടും അവൾ ഫോണിൽ സംസാരിച്ചു. അടുത്ത ദിവസം ടി.വി വച്ചപ്പോൾ അവളുടെ മരണവാർത്ത കണ്ട് ഞാൻ ഞെട്ടിപ്പോയി.
അവളുടെ വീടിന്റെ ഗൃഹപ്രവേശനത്തിന് എന്നെ വിളിച്ചിരുന്നു, ആ ചടങ്ങിന് പോകാൻ പറ്റാത്ത എനിക്ക് അവളുടെ വീട്ടിൽ സംസ്കാര ചടങ്ങിന് പോകേണ്ടി വന്നത്. അപ്പോഴാണ് അവളെ എന്നെ എത്ര മാത്രം ബഹുമാനിച്ചിരുന്നവെന്ന് മനസ്സിലായത്. വീട്ടിൽ എന്റെയൊരു വലിയ ഫോട്ടോ അവൾ സൂക്ഷിച്ചിരുന്നു. അത് കണ്ട് എനിക്ക് കരച്ചിൽ അടക്കാൻ ആയില്ല..’ വേദനയോട് ഉദയകുമാർ പറഞ്ഞു.