യേശുദാസിനെ ‘പോടാ’ എന്ന് വിളിച്ചു, പിന്നീട് മാപ്പു പറഞ്ഞു..’ – സംഭവം വിവരിച്ച് ഗായിക മഞ്ജരി

യേശുദാസിനെ ‘പോടാ’ എന്ന് വിളിച്ചു, പിന്നീട് മാപ്പു പറഞ്ഞു..’ – സംഭവം വിവരിച്ച് ഗായിക മഞ്ജരി

താമരകുരുവിക്ക് തട്ടമിട് എന്ന പാട്ടിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് മഞ്ജരി. കേരള സംസ്ഥാന അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയ മഞ്ജരി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലാണ് മഞ്ജരി ആദ്യമായി പാടുന്നത്.

ഇളയരാജയാണ് മഞ്ജരിയെ സംഗീത-സിനിമ ലോകത്തിലേക്ക് കൊണ്ടുവന്നത്. ഇതിനോടകം നൂറിന് അടുത്ത് പാട്ടുകൾ മഞ്ജരി സിനിമയിൽ പാടിയിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ മലയാള ഫേസ്ബുക്ക് പേജിൽ മഞ്ജരി യേശുദാസുമായുള്ള ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ്. സംഗീത ജീവിതത്തിൽ ഏറ്റവും മറക്കാൻ കഴിയാത്ത അനുഭവമാണ് മഞ്ജരി പങ്കുവച്ചത്.

മലയാളത്തിന്റെ ഗാനഗന്ധർവൻ കെ.ജെ യേശുദാസ് സിനിമ മേഖലയിൽ ഉള്ളവർ ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കുന്ന വ്യക്തിയാണെന്ന് പറയാം. മഞ്ജരിയുടെ വാക്കുകൾ – ‘പണ്ട് ദാസ് അങ്കിളിന് ഒപ്പം സ്റ്റേജിൽ പാടാൻ പോകുമായിരുന്നു, അങ്ങനെ ഒരിക്കൽ മീശമാധവനിലെ ‘എന്റെ എല്ലാമെല്ലാം അല്ലേ’ പാട്ട് പാപാടേണ്ടി വന്നു. ആ പാട്ടിന്റെ തുടക്കം കുറച്ചു ഡയലോഗുകൾ ഉണ്ട്. അത് പഠിച്ചിട്ടുണ്ടോ എന്ന് എന്നോട് ദാസ് അങ്കിൾ ചോദിച്ചു.

ഞാൻ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞു, പാട്ട് തുടങ്ങി.. പോടാന്ന് പറയുന്ന ഒരു ഡയലോഗ് വന്നപ്പോൾ ഞാൻ സ്റ്റാക്ക് ആയി. ദാസ് അങ്കിൾ എന്നെ നോക്കി ബാക്കി എന്താ പാടാത്തത് എന്ന് ചോദിച്ചു. ദാസേട്ടനെ പോലെ ഒരാളെ എങ്ങനെ പോടാ എന്ന് വിളിക്കുമെന്ന് ടെൻഷനിൽ നിൽക്കുവായിരുന്നു ഞാൻ. എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നു. പാട്ട് നിർത്തി വീണ്ടും രണ്ടാമത്ത് തുടങ്ങി, അപ്പോഴും അവിടെ വന്നപ്പോൾ ഞാൻ നിർത്തി.

ദാസ് അങ്കിൾ എന്നോട് എന്ത് പറ്റിയെന്ന് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. പാടാൻ നിൽക്കുമ്പോൾ അങ്കിൾ, അമ്മ, അച്ഛൻ എന്നൊന്നൊന്നും നോക്കാൻ പാടില്ല, പാട്ടിൽ മാത്രമായിരിക്കണം ശ്രദ്ധയെന്നും പറഞ്ഞു. ഒടുവിൽ വീണ്ടും പാടാൻ തുടങ്ങിയപ്പോൾ ഞാൻ നിർത്താതെ പാടി. പാട്ട് തീർന്നപ്പോൾ അദ്ദേഹത്തോട് ഒരുപാട് മാപ്പ് പറഞ്ഞു. അതിന്റെ ആവശ്യമില്ലായെന്ന് മറുപടിയും തന്നു..’ മഞ്ജരി പറഞ്ഞു. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തിയാണ് യേശുദാസെന്ന് മഞ്ജരി കൂട്ടിച്ചേർത്തു.

CATEGORIES
TAGS