‘സിനിമയിൽ വന്നിട്ട് 15 വർഷമായി, ഇത്രയും കോളുകളും മെസ്സേജും വരുന്നത് ഇത് ആദ്യം..’ – മനസ്സ് തുറന്ന് കൃഷ്ണപ്രഭ

‘സിനിമയിൽ വന്നിട്ട് 15 വർഷമായി, ഇത്രയും കോളുകളും മെസ്സേജും വരുന്നത് ഇത് ആദ്യം..’ – മനസ്സ് തുറന്ന് കൃഷ്ണപ്രഭ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ദൃശ്യം 2 ഈ കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിനോട് 100 ശതമാനം നീതി പുലർത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

തീയേറ്ററിൽ റിലീസ് ചെയ്യാതിരുന്നതിന്റെ വിഷമമാണ് പ്രേക്ഷകർ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. സിനിമയിൽ ഒന്ന്-രണ്ട് സീനിൽ വന്ന് അഭിനയിച്ചവർ വരെ പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. സിനിമയിൽ അത്തരത്തിൽ ഒരു റോളിൽ തിളങ്ങിയ നടിയും നർത്തകിയുമായ കൃഷ്ണപ്രഭ പോക്കറ്റ് ന്യൂസിനോട് മനസ്സ് തുറന്നിരിക്കുകയാണ്. ഹാസ്യ റോളുകൾ കൈകാര്യം ചെയ്തിട്ടുള്ള കൃഷ്ണപ്രഭ വളരെ സീരിയസ് കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. കൃഷ്ണപ്രഭയുടെ വാക്കുകളിലേക്ക്,

‘ഒരുപാട് പേർ സിനിമ കണ്ടിട്ട് എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്. 15 വർഷത്തോളമായി ഞാൻ സിനിമയിൽ വന്നിട്ട്, ഇത്രയും കോളുകളും മെസ്സേജും വരുന്നത് എനിക്ക് ഇത് ആദ്യമാണ്. ചെറിയ റോളാണെങ്കിലും വളരെ നന്നായി ചെയ്തുവെന്ന് എല്ലാവരും പറഞ്ഞു. സോഷ്യൽ മീഡിയയിലെ കമന്റുകളും പോസ്റ്റുകളും ഒക്കെ കണ്ട് ഒരുപാട് സന്തോഷം തോന്നി.

മേരി എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നത് ഏതൊരു ആർട്ടിസ്റ്റിനെ പോലെ എന്റെയും ആഗ്രഹമാണ്. അതിൽ ചെറുതും വലുതും ഒന്നും ഞാൻ നോക്കാറില്ല. ദൃശ്യം പോലെ ഗംഭീരവിജയം നേടിയ ഒരു സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ അതിൽ അഭിനയിക്കാൻ അവസരം കിട്ടുക എന്നതുതന്നെ വലിയ കാര്യമല്ലേ?

ഞാൻ ലൈഫ് ഓഫ് ജോസുകുട്ടിയിൽ ഒരു വേഷം ചെയ്തിരുന്നു. അതിന് ശേഷം ജീത്തു സാറിനെ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. സാറിന്റെ ഭാര്യ ലിൻഡ ചേച്ചിയുമായി നല്ലയൊരു സൗഹൃദമുണ്ട്. അങ്ങനെ ജസ്റ്റ് വിളിച്ചു സംസാരിക്കുന്ന കൂട്ടത്തിലാണ്, ലോക്ക് ഡൗണിന്റെ സമയത്ത് ദൃശ്യം 2-വിന്റെ പ്ലാനിങ് ഒക്കെ നടന്നിരുന്നത്. അപ്പോഴാണ് എന്തെങ്കിലും റോളുണ്ടെങ്കിൽ എനിക്ക് തരണേയെന്ന് സാറിനോട് ചോദിച്ചു. സാർ പറഞ്ഞത് അതിൽ പഴയ കാരക്ടർസാണ് കൂടുതലും വളരെ കുറച്ച് പുതിയ കാരക്ടർസെ ഉള്ളുവെന്നുമാണ്.

ചെറിയ റോളുകളാണ് അതിൽ കൂടുതൽ, അതൊക്കെ എങ്ങനെയാ തരുന്നേ എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു കുഴപ്പമില്ല, വലിയ സിനിമയുടെ ഒരു ഭാഗമാവല്ലോ..! അങ്ങനെ സാർ നോക്കാമെന്നൊക്കെ പറഞ്ഞു. ഞാൻ പിന്നീട് അത് മറന്നു. പക്ഷേ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് സാർ പറഞ്ഞിട്ട് സിദ്ധു ചേട്ടൻ എന്നെ വിളിച്ചു. ജീത്തു സാർ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നല്ലോ. പിന്നീട് ഷൂട്ട് ഇന്ന ദിവസമാണെന്നും, കൊറോണ ടെസ്റ്റ് ഒക്കെ ചെയ്യണമെന്നും പറഞ്ഞു. ഒറ്റ ദിവസത്തെ ഷൂട്ടെ എനിക്കുണ്ടായിരുന്നൊള്ളു. അങ്ങനെയാണ് ഞാൻ ഈ സിനിമയുടെ ഭാഗമാവുന്നത്.

എന്നെ പ്രേക്ഷകർ ആദ്യം തിരിച്ചറിഞ്ഞ് തുടങ്ങിയത് ലാലേട്ടന്റെ മാടമ്പിയിൽ അഭിനയിച്ച ശേഷമാണ്. എനിക്ക് ഇത്രയേറെ കോളുകളും മെസ്സേജുകൾ വരുന്നതോ? ലാലേട്ടന്റെ തന്നെ സിനിമയായ ദൃശ്യം 2-വിലും. സത്യൻ സാറിന്റെ(സത്യൻ അന്തിക്കാട്) ഒരു ഇന്ത്യൻ പ്രണയകഥയിലാണ് ഞാൻ സ്ഥിരം അഭിനയിക്കുന്ന റോളുകളിൽ നിന്ന് വ്യത്യസ്തമായ ഒരു റോൾ ഇതിന് മുമ്പ് ചെയ്തിട്ടുള്ളത്. അനൂപ് മേനോന്റെ കിംഗ് ഫിഷ് എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്..’, കൃഷ്ണപ്രഭ പറഞ്ഞു.

CATEGORIES
TAGS