‘ലാലേട്ടാ.. ഇടക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം; ഇല്ലെങ്കിൽ ഞങ്ങളുടെ തലമുറയ്ക്ക് ഒരു വലിയ ബാധ്യതയായിരിക്കും’ – അനൂപ് മേനോൻ
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നടന്മാരുടെ അഭിനയമികവിനെ പറ്റി എടുത്തു പറയേണ്ട കാര്യമൊന്നുമില്ല. എന്നാൽ ഇപ്പോഴത്തെ ചില സിനിമ നടന്മാർ സംവിധായകർക്കും പ്രൊഡ്യൂസർമാർക്കും ഉണ്ടാക്കുന്ന തലവേദന ചില്ലറയൊന്നുമല്ല. അടുത്തിടെ നടന്ന ചില സംഭവങ്ങൾ തന്നെ അതിന് ഉദാഹരണമാണ്. ഇന്നത്തെ തലമുറ കണ്ടുപഠിക്കേണ്ട ചില കാര്യങ്ങൾ മോഹൻലാൽ എന്ന നടനുണ്ട്. അത് വ്യക്തമാകുന്ന ഒരു കുറിപ്പാണ് നടൻ അനൂപ് മേനോൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഈ കഴിഞ്ഞ ദിവസം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. കൈയ്ക്ക് പരിക്കേറ്റ മോഹൻലാൽ, സർജറി നടത്തിയ ശേഷം ഡോക്ടറിന് നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എങ്ങനെ പരിക്ക് പറ്റിയെന്ന് ആർക്കും ഒരു പിടിയുമില്ലാരുന്നു. ഷൂട്ടിങ്ങിന് ഇടയിൽ സംഭവിച്ചതാണോ എന്ന് ചോദിച്ച് ആരാധകർ കമന്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ നടൻ അനൂപ് മേനോൻ അത് വെളുപ്പെടുത്തി ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയിൽ മോഹൻലാൽ കുടുംബത്തോടൊപ്പം ദുബൈയിൽ ഒരു യാത്ര പോയിരുന്നു. അവിടെ വച്ച് വീണ് പരിക്കേറ്റ മോഹൻലാൽ പക്ഷേ ഷൂട്ടിങ്ങിന്റെ അവസാനദിനങ്ങളിൽ അത് മറച്ചുവച്ച് 3-4 ദിവസം ഫൈറ്റ് സീൻ ഷൂട്ട് ചെയ്തു. എന്നാൽ ഇത് സംവിധായകനോ പ്രൊഡ്യൂസർക്കോ മറ്റാർക്കും തന്നെ അറിയില്ലായിരുന്നു.
ഷൂട്ടിന് പോയ അനൂപ് മേനോൻ കൈ കൊടുക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം വേദനകൊണ്ട് പിൻവലിച്ചു. അപ്പോൾ കാര്യങ്ങൾ തിരക്കിയപ്പോഴാണ് നടന്നത് മോഹൻലാൽ പറഞ്ഞത്. ഈ വേദന വച്ചാണോ ഫൈറ്റ് സീൻ ഷൂട്ട് ചെയ്തെന്ന് ചോദിച്ചപ്പോൾ, മോഹൻലാൽ പറഞ്ഞ മറുപടിയാണ് അനൂപ് മേനോൻ എന്ന നടനെ അത്ഭുതപ്പെടുത്തിയത്.
‘ഈ സിനിമയുടെ സംവിധായകനോ പ്രൊഡ്യൂസറോ അല്ല അവിടെ വന്നെന്നെ വീഴ്ത്തിയത്, ഞാൻ തന്നെ പോയി വീണതല്ലേ, ഇത് പറഞ്ഞാൽ അവർ ഷൂട്ടിംഗ് മാറ്റി വച്ചേക്കാം പക്ഷേ നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം, നിങ്ങളെയും ബുദ്ധിമുട്ടിക്കില്ലേ, അതിലും നല്ലത് ഷൂട്ടിംഗ് നടക്കട്ടെ..’ മോഹൻലാൽ അനൂപ് മേനോനോട് പറഞ്ഞു.
ഇന്നലെ അദ്ദേഹത്തിന്റെ സർജറി കഴിഞ്ഞ ഫോട്ടോ കണ്ടപ്പോ അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ആരും അറിയാതെ ഇപ്പോഴും നടക്കുന്നുണ്ട് എന്ന് അനൂപ് കുറിച്ചു. മോഹൻലാലിനോട് അസൂയ തോന്നുന്ന രീതി അനുപ് അവസാനം എഴുതി നിർത്തിയത്. ‘പ്രിയപ്പെട്ട ലാലേട്ടാ.. ഇടക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം, നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം. ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും..’ അനൂപ് കുറിച്ചു.