’27 വർഷങ്ങൾക്ക് ശേഷം ചേട്ടച്ഛനെ മീനാക്ഷി വീണ്ടും കണ്ടു..’ – മോഹൻലാലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് നടി വിന്ദുജാ മേനോൻ
മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് പവിത്രം. സിനിമ ഇറങ്ങിയിട്ട് ഈ കഴിഞ്ഞ ദിവസം 27 വർഷങ്ങൾ പിന്നിട്ടിരുന്നു. മോഹൻലാലിനെ കൂടാതെ ശോഭന, തിലകൻ, വിന്ദുജാ മേനോൻ, ശ്രീവിദ്യ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരുന്നു. അതിൽ തന്നെ വിന്ദുജാ അവതരിപ്പിച്ച മീനാക്ഷി എന്ന കഥാപാത്രം വളരെ പ്രാധാന്യം നിറഞ്ഞതാണ്.
തിലകനും ശ്രീവിദ്യയ്ക്കും വർഷങ്ങൾക്ക് ശേഷം ജനിക്കുന്ന മകളാണ് മീനാക്ഷി എന്ന കഥാപാത്രം. മീനാക്ഷിയുടെ ജനനത്തോടെ തന്നെ ശ്രീവിദ്യ മരിക്കുകയും തിലകൻ നാടുവിട്ടു പോവുകയും ചെയ്യും. പിന്നീട് മോഹൻലാൽ അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമാണ് മീനാക്ഷിയെ വളർത്തുന്നത്, ചേട്ടച്ഛൻ എന്നാണ് മീനാക്ഷി ഉണ്ണികൃഷ്ണനെ വിളിച്ചിരുന്നത്.
ഇപ്പോൾ അതേ ചേട്ടച്ഛനും മീനാക്ഷിയും 27 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയിരിക്കുകയാണ്. എ.എം.എം.എയുടെ കലൂരിലെ ആസ്ഥാന ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും വീണ്ടും കണ്ടത്. വിന്ദുജാ അതിന്റെ ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു. ഇപ്പോഴും രണ്ട് പേർക്കും വലിയ മാറ്റങ്ങൾ ഒന്നുമില്ലായെന്നാണ് ആരാധകർ പറയുന്നത്.
‘പവിത്രത്തിന്റെ 27 വർഷങ്ങൾക്ക് ശേഷം മീനാക്ഷി ചേട്ടച്ചനെ കണ്ടുമുട്ടി, ഇത് അവിസ്മരണീയമായ മറ്റൊരു അനുഗ്രഹമാണ്. സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തിൽ ഇത് കൂടുതൽ പ്രത്യേകതയായിരുന്നു..’, വിന്ദുജാ ഫേസ്ബുക്കിൽ ഫോട്ടോയോടൊപ്പം കുറിച്ചു. പവിത്രത്തിലെ ഒരു ഫോട്ടോയും വിന്ദുജാ അതിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.
പവിത്രത്തിന്റെ ക്ലൈമാക്സ് ഇപ്പോഴും മലയാളികൾ കണ്ടാൽ കരയുന്നതിന് കാരണം ഈ രണ്ട് കഥാപാത്രങ്ങൾ അവതരിപ്പിച്ച ഇവരുടെ രണ്ടു പേരുടെയും അഭിനയപ്രകടനം കൊണ്ടുമാത്രമാണ്. കാമുകിയെ പോലും വേണ്ടെന്ന് വച്ച് ഉണ്ണികൃഷ്ണൻ അനിയത്തിക്ക് വേണ്ടി സ്വന്തം ജീവിതം തേജിച്ച് ജീവിക്കുന്ന ഒരാളാണ്.