‘ഒരു ലക്ഷം രൂപ വീതം 100 കുടുംബങ്ങൾക്ക്! ഖുഷിയുടെ വിജയത്തിൽ സമ്മാനവുമായി വിജയ് ദേവരകൊണ്ട..’ – കൈയടിച്ച് സോഷ്യൽ മീഡിയ

കേരളത്തിൽ പോലും ഒരുപാട് ആരാധകരുള്ള ഒരു നടനാണ് തെലുങ്ക് സൂപ്പർസ്റ്റാറായ വിജയ് ദേവരകൊണ്ട. അർജുൻ റെഡഢി, ഗീതാഗോവിന്ദം, ഡിയർ കോംറൈഡ് തുടങ്ങിയ സിനിമകളിലൂടെ വിജയ് കേരളത്തിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. വിജയ് നായകനായ ഖുഷി എന്ന സിനിമ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക്ക് അവിടെ ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ സിനിമ നെഞ്ചിലേറ്റിയ പ്രേക്ഷകർക്ക് നന്ദി സൂചകമായി വിജയ് ദേവരകൊണ്ട ഒരു സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ്.തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്നാണ് വിജയ് അറിയിച്ചിരിക്കുന്നത്. അതായത് ഒരു കോടിയുടെ സമ്മാനമാണ് വിജയ് ഖുഷിയുടെ വിജയത്തിൽ ആരാധകർക്ക് സമ്മാനിക്കാൻ പോകുന്നത്. വിജയ് തന്നെയാണ് ഇത് പ്രഖ്യാപിച്ചത്.

വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടയിലാണ് വിജയ് ഈ കാര്യം പ്രഖ്യാപിച്ചത്. തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു കോടി രൂപ തിരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഒരു ലക്ഷം വീതം 100 കുടുബങ്ങൾക്ക് വരുന്ന പത്ത് ദിവസത്തിനുള്ളിൽ കൈമാറുമെന്ന് താരം വേദിയിൽ പ്രസംഗിച്ചു. വിജയുടെ ഈ പ്രഖ്യാപനം സദസ്സിൽ ഉണ്ടായിരുന്നവർ കൈയടിച്ചുകൊണ്ടാണ് ആരാധകർ സ്വീകരിച്ചത്.

വിജയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. കിട്ടുന്നതിൽ ഒരു പങ്ക് അർഹരായവർക്ക് കൊടുക്കാൻ മനസ്സുള്ള വിജയിയെ എല്ലാവരും അഭിനന്ദിച്ചു. സമാന്തയാണ് സിനിമയിൽ നായികയായി അഭിനയിച്ചിട്ടുളളത്. ശിവ നിർവണയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഫീൽ ഗുഡ് റൊമാന്റിക് എന്റെർറ്റൈനെർ എന്നാണ് പ്രേക്ഷകർ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.