‘അവൾ അവളുടെ പങ്കാളിയെ കണ്ടെത്തി!! നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു..’ – ചിത്രങ്ങൾ പങ്കുവച്ച് രാധിക

തമിഴ് സിനിമ നടനായ ശരത്കുമാറിന്റെ മകളും തെന്നിന്ത്യൻ നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു. മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷ വിവരം രണ്ടാനമ്മയായ നടി രാധിക ശരത്കുമാർ പങ്കുവച്ചപ്പോഴാണ് ആരാധകർ പോലും ഇത് അറിയുന്നത്. മുംബൈയിൽ വച്ച് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തിട്ടുള്ള ഒരു വിവാഹ നിശ്ചയമാണ് നടന്നിരുന്നത്.

നിക്കോളായ് സച്ച്ദേവ് എന്നാണ് വരലക്ഷ്മിയെ വിവാഹം ചെയ്യാൻ പോകുന്നയാളുടെ പേര്. വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല. ഇരുവരും തമ്മിൽ പ്രണയിച്ച് വിവാഹിതരാകുന്നതാണോ അതോ കുടുംബങ്ങൾ കണ്ടെത്തി ചെയ്യുന്നതാണോ എന്നതും പുറത്തുവന്നിട്ടില്ല. വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്ന് ചില സൂചനകൾ താരകുടുംബത്തിന്റെ അടുത്ത വൃത്തങ്ങൾ നൽകിയിട്ടുണ്ട്.

“ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിനെ ജീവിതപങ്കാളിയായി കണ്ടെത്തി, ഇന്നലെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. അവർക്ക് രണ്ടുപേർക്കും ഞങ്ങൾ സന്തോഷം നേരുന്നു.. നിങ്ങളും അവർക്ക് ആശംസകൾ നേരുമെന്ന് കരുതുന്നു..”, രാധിക വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.

വരലക്ഷ്മിയുടെ ഭാവി വരൻ നല്ല ജിമ്മൻ ആണല്ലോ എന്ന് കമന്റുകളും വന്നിട്ടുണ്ട്. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട് വരലക്ഷ്മി. കസബ, കാറ്റ്, മാസ്റ്റർപീസ് തുടങ്ങിയ മലയാള സിനിമകളിൽ വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കളേഴ്സ് എന്ന ഒരു മലയാള ചിത്രം കൂടി വരലക്ഷ്മിയുടെ വരാനുണ്ട്. തെലുങ്കിൽ ഇറങ്ങി കോടികൾ വാരിക്കൂട്ടിയ ഹനുമാൻ എന്ന ചിത്രമാണ് വരലക്ഷ്മി അഭിനയിച്ചതിൽ അവസാനം റിലീസായത്.