‘ആ കാര്യത്തിൽ കേരളവും തമിഴ് നാടും ഒറ്റക്കെട്ടാണ്, ഫാസിസ്റ്റ് ശക്തികൾക്ക് തിരിച്ചടി നൽകും..’ – ഉദയനിധി സ്റ്റാലിൻ

പുരോഗമന ചിന്താഗതിയുടെ കാര്യത്തിൽ കേരളവും തമിഴ് നാടും ഒരേപോലെ ആണെന്നും ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയായുള്ള പോരാട്ടത്തിനും ഒറ്റക്കെട്ടാണെന്നും നടനും തമിഴ് നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. കണ്ണൂർ സർവകലാശാലയുടെ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് ഉദയനിധി സ്റ്റാലിൻ ഈ പ്രതികരണം വേദിയിൽ വച്ച് നടത്തിയത്.

പിന്നീട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും ഉദയനിധി പങ്കുവച്ചിട്ടുണ്ടായിരുന്നു. “ഇന്ന് കേരളത്തിലെ കണ്ണൂരിൽ വെച്ച് നടന്ന പ്രശസ്തമായ കണ്ണൂർ യൂണിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 ൽ പങ്കെടുത്തു. ദ്രാവിഡ പ്രസ്ഥാനവും സാഹിത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പിന്തിരിപ്പൻ ശക്തികളെ അകറ്റിനിർത്തുന്നതിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് തമിഴ്‌നാടും കേരളവും മുന്നിട്ട് നിൽക്കുന്നുവെന്ന് ചൂണ്ടികാണിച്ചു.

കൂടാതെ, ദ്രാവിഡ പ്രസ്ഥാനത്തിന്റെയും നമ്മുടെ നേതാക്കളായ തന്തൈ പെരിയാർ, പേരറിഞ്ജർ അണ്ണാ, ഡോ. കലൈഗ്നരുടെ സാഹിത്യകൃതികൾ സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ മാറ്റത്തെക്കുറിച്ചും ദീർഘമായി സംസാരിച്ചു..”, പോസ്റ്റിന് ഒപ്പം ഉദയനിധി കുറിച്ചു. തമിഴ്നാടും കേരളവും സാംസ്കാരികപരമായും ചരിത്രപരമായും അടുത്ത് നിൽക്കുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളിലെയും നേതൃത്വം കാലങ്ങളായി ആത്മബന്ധം സൂക്ഷിക്കുന്നവരാണ്.

മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും അടുപ്പമാണുള്ളത്. ഹിന്ദി ഭാഷയ്ക്ക് നമ്മൾ എതിരല്ല, പക്ഷേ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെ നമ്മൾ എതിർക്കും. കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി എതിർക്കേണ്ട സാഹചര്യമുണ്ട്. ഫാസിസത്തിന് എതിരായ പോരാട്ടത്തിലും രണ്ട് സംസ്ഥാനങ്ങളും ഒറ്റക്കെട്ടാണ്, 2024-ലും തിരിച്ചടി നൽകണം..”, ഉദയനിധി വേദിയിൽ പറഞ്ഞു.