‘സിനിമയിലും അവന്റെ അപ്പനായതിൽ സന്തോഷം, ഇനി അഭിനയിക്കില്ല..’ – പ്രതികരിച്ച് ടോവിനോയുടെ അച്ഛൻ

സിനിമയിലും ടോവിനോയുടെ അപ്പനായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് ടോവിനോ തോമസിന്റെ പിതാവ് ഇല്ലിക്കൽ തോമസ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ റിലീസിന് എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിൽ ടോവിനോയ്ക്ക് ഒപ്പം അച്ഛനും അഭിനയിച്ചിരുന്നു. ടോവിനോയുടെ അച്ഛനായിട്ട് തന്നെയാണ് അദ്ദേഹം അഭിനയിച്ചത്.

സിനിമ കണ്ടിറങ്ങിയ ശേഷം ടോവിനോയുടെ പിതാവ് മാധ്യമങ്ങളോട് സംസാരിച്ചു. “സിനിമ വളരെ നന്നായിട്ടുണ്ട്.. നല്ല നിമിഷങ്ങൾ ആയിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കില്ല.. അഭിനയിക്കാൻ താല്പര്യവുമില്ല.. അഭിനയിക്കുന്ന സമയത്ത് എനിക്ക് വലിയ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല.. കാരണം എന്റെ വേഷം ഇത്രയേ ഉള്ളുവെന്ന് അറിയാമായിരുന്നു. വലിയ അഭിനയ മുഹൂർത്തങ്ങൾ ഒന്നും ഇല്ല.

ഡാർവിൻ പറയുന്നത് ചെയ്യുക എന്നല്ലാതെ എനിക്ക് പ്രതേകിച്ച് ഒന്നും തന്നെ ചെയ്യാൻ ഇല്ലായിരുന്നു. ഇതിന് മുമ്പ് ഞാൻ അഭിനയിച്ചിട്ടില്ല. ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അവന്റെ അച്ഛനായപ്പോൾ സന്തോഷം തോന്നി. അവന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല, സാഹചര്യം അനുസരിച്ച് ചിലപ്പോൾ മാറ്റങ്ങൾ വന്നേക്കാം.. ഈ സിനിമ ഹിറ്റാകുമെന്നാണ് എന്റെ പ്രതീക്ഷ.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ഇത്. ടോവിനോ മാത്രമല്ല, അഭിനയിച്ചവരെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്..”, തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനെ കുറിച്ച് നേരത്തെയും ഏറെ ബഹുമാനത്തോട് മാത്രം സംസാരിച്ചിട്ടുള്ള ഒരാളാണ് ടോവിനോ. തന്റെ ജീവിതത്തിലെ സൂപ്പർ ഹീറോ അച്ഛൻ ആണെന്നും ഒരിക്കൽ ടോവിനോ പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്.