‘വാലിബനിലെ മോഹൻലാലിൻറെ ഇൻട്രോ സീനിൽ തിയേറ്റർ കുലുങ്ങും..’ – വെളിപ്പെടുത്തി ടിനു പാപ്പച്ചൻ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ-ലിജോ ആദ്യമായി ഒന്നിക്കുന്ന സിനിമയായതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററൊക്കെ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ ഓളം വേറെയായിരുന്നു. മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ സിനിമയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലൈക്കോട്ടൈ വാലിബനിൽ അസ്സോസിയേറ്റ് സംവിധായകനായ വർക്ക് ചെയ്തയാളാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ടിനു പാപ്പച്ചൻ. ടിനു തന്റെ പുതിയ സിനിമയായ ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ മലൈക്കോട്ടൈ വാലിബനെ കുറിച്ച് സംസാരിച്ചിരുന്നു. ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

“ഞാൻ രണ്ടുപേരുടെയും(മോഹൻലാൽ, എൽജെപി) ഫാനായിട്ടാണ് ആ സിനിമ കാണാൻ പോകുന്നത്. ആ സിനിമയെ കുറിച്ച് എനിക്ക് സംസാരിക്കാൻ കൂടുതൽ റൈറ്റ്സില്ല. കാരണം എൽജെപി എന്നെ ഇടിക്കും. എന്റെയൊരു ഉത്തേജനം ഇതാണ്.. ആ സിനിമ കളിക്കുന്ന ആദ്യത്തെ ഷോ.. ഞാൻ തിയേറ്ററിന് അകത്തല്ല, പുറത്തു നിൽക്കാമെന്ന് വിചാരിക്കുന്നു. കാരണം, എന്റെയൊരു വിശ്വാസമുണ്ട് കേട്ടോ, ആൾകാർ എന്നെ എയറിൽ കയറ്റുമോ എന്നറിയില്ല.

ലാൽ സാറിന്റെ ഇൻട്രൊഡക്ഷനിൽ ശരിക്കും തിയേറ്റർ കുലുങ്ങും. ആ ടൈപ്പ് ഇന്ട്രോയാണ്. ശരിക്കും നമ്മൾ വെളിയിൽ നിന്ന് നോക്കിയാൽ തിയേറ്റർ കുലുങ്ങും.. ആ രീതിയിലായിരിക്കും ലാൽ സാറിന്റെ ഇൻട്രോ..”, ടിനു പാപ്പച്ചൻ അഭിമുഖത്തിൽ പറഞ്ഞു. ടിനുവിന്റെ ഈ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടിനു പറഞ്ഞതുപോലെ എയറിൽ കയറ്റുന്ന പോലെ ചില ട്രോളുകളും വന്നിട്ടുണ്ട്.