‘വിജയും കീർത്തി സുരേഷും!! 2021-ൽ ഏറ്റവും ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യൻ താരങ്ങൾ..’ – പുറത്തുവിട്ട് ട്വിറ്റർ
തെന്നിന്ത്യൻ സിനിമ ലോകം ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങളെ പോലെ ഇപ്പോൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുകയും താരാരാധകരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർധനവ് ഉണ്ടാവുകയും ചെയ്യാറുണ്ട്. ഒ.ടി.ടി റിലീസുകളും അതുപോലെ സോഷ്യൽ മീഡിയയുടെ വളർച്ചയുമാണ് ഇതിന് പ്രധാന കാരണങ്ങളിൽ ഒന്നായി കാണാക്കപ്പെടുന്നത്.
ഇപ്പോഴിതാ 2021-ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട 10 തെന്നിന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ട്വിറ്റർ ഇന്ത്യ. ഏറ്റവും ട്വീറ്റ് ചെയ്യപ്പെട്ട 10 സൗത്ത് ഇന്ത്യൻ നടിമാർ, നടൻമാർ, സിനിമകൾ എന്നിവയുടെ ലിസ്റ്റാണ് ട്വിറ്റർ ഇന്ത്യ പുറത്തുവിട്ടത്. നടന്മാരിൽ ദളപതി വിജയും, നടിമാരിൽ കീർത്തി സുരേഷുമാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.
സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് വിജയ് നായകനായ മാസ്റ്ററാണ്. തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണാണ് നടന്മാരുടെ ലിസ്റ്റിൽ രണ്ടാമത്. മഹേഷ് ബാബു, സൂര്യ, ജൂനിയർ എൻ.ടി.ആർ, അല്ലു അർജുൻ, രജനികാന്ത്, റാം ചരൺ, ധനുഷ്, അജിത് കുമാർ എന്നിവരാണ് സൗത്ത് ഇന്ത്യൻ നടന്മാരുടെ ലിസ്റ്റിൽ ഇടംപിടിച്ച ബാക്കി താരങ്ങൾ. ഇതിൽ അജിത്തിന് മാത്രമാണ് ട്വിറ്ററിൽ അക്കൗണ്ട് ഇല്ലാത്തത്.
നടിമാരുടെ ലിസ്റ്റിൽ കീർത്തി സുരേഷിന് തൊട്ടുപിന്നിൽ എത്തിയിരിക്കുന്നത് പൂജ ഹെഗ്ഡെയാണ്. സാമന്ത, കാജൽ അഗർവാൾ, മാളവിക മോഹനൻ, രാകുൽ പ്രീത്, സായ് പല്ലവി, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, അനുപമ പരമേശ്വരൻ തുടങ്ങിയവരാണ് നടിമാരുടെ ലിസ്റ്റിൽ ഇടംനേടിയ ബാക്കി താരങ്ങൾ. നടന്മാരുടെ ലിസ്റ്റിൽ മലയാളികൾ ഇല്ലെങ്കിലും നടിമാരുടെ കൂട്ടത്തിൽ മൂന്ന് മലയാളികൾ ഉള്ളത് അഭിമാനിക്കാവുന്ന കാര്യമാണ്.
2021’s most Tweeted about South Indian movies 🔥 pic.twitter.com/PCAcCZ05uu
— Twitter India (@TwitterIndia) December 12, 2021
സിനിമകളുടെ ലിസ്റ്റിൽ വിജയുടെ മാസ്റ്ററിന് തൊട്ടുപിന്നിൽ അജിത്തിന്റെ വലിമൈയാണ്. വിജയുടെ തന്നെ ബീസ്റ്റാണ് മൂന്നാമത്. സൂര്യയുടെ ജയ് ഭീം, പവൻ കല്യാണിന്റെ വകീൽ സാബ്, ജൂനിയർ എൻ.ടി.ആർ-റാം ചരണിന്റെ ആർ.ആർ.ആർ, മഹേഷ് ബാബുവിന്റെ സർക്കാര് വാരി പാത, അല്ലു അർജുന്റെ പുഷ്പ, ശിവകാർത്തികേയന്റെ ഡോക്ടർ, യാഷിന്റെ കെ.ജി.എഫ് ചാപ്റ്റർ 2 എന്നിവയാണ് ബാക്കി സിനിമകൾ.