‘വാത്സല്യത്തോടെ ആണ് പെരുമാറിയത്! ആ കുട്ടിക്ക് മോശമായി തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നു..’ – സുരേഷ് ഗോപി

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്ത് ഒരു മാധ്യമപ്രവർത്തക ചോദ്യം ചോദിച്ചപ്പോൾ അടുത്ത് നിന്ന അവരുടെ തോളിൽ കൈവച്ചുകൊണ്ട് മറുപടി പറയാൻ തുടങ്ങുകയും അവർ കൈ തട്ടി മാറ്റുന്ന സുരേഷ് ഗോപിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. സുരേഷ് ഗോപിയുടെ ഈ നടപടിയെ വിമർശിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.

ആദ്യ കൈ വച്ചപ്പോൾ അത് തട്ടിമാറ്റിയ മാധ്യമപ്രവർത്തക പിന്നീട് വീണ്ടും വച്ചപ്പോഴും കൈ മാറ്റിയിരുന്നു. ഒരാൾക്ക് ഇഷ്ടമില്ലായെന്ന് കണ്ടിട്ടും സുരേഷ് ഗോപി അത് വീണ്ടും ചെയ്തതാണ് വിമർശനങ്ങൾക്ക് കാരണമായത്. സുരേഷ് ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയനും രംഗത്ത് വന്നിരുന്നു. മോശം അനുഭവം നേരിട്ട് മാധ്യമപ്രവർത്തക പരാതി കൊടുക്കാൻ പോവുകയാണെന്നും വാർത്തകൾ വന്നിരുന്നു.

ഇതിനിടയിലാണ് ഇപ്പോൾ സുരേഷ് ഗോപി ആ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. “മാധ്യമങ്ങളുടെ മുന്നിൽ വച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.

ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. സോറി ഷിദ..”, സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സുരേഷ് ഗോപിയുടെ ഈ പ്രതികരണത്തെ അഭിനന്ദിച്ച് പലരും കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. മാപ്പ് പറഞ്ഞത് വളരെ നല്ലയൊരു തീരുമാനം ആണെന്നും നിരവധി പേരാണ് അനുകൂലിച്ചത്.