അങ്ങനെ ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നടൻ സുരേഷ് ഗോപി തൃശൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരിക്കുകയാണ്. അതും ശക്തമായ ത്രികോണ മത്സരം നടന്നിട്ടും 74000-ൽ അധികം വോട്ടുകൾക്കാണ് സുരേഷ് ഗോപി ജയിച്ചിരിക്കുന്നത്. വി.എസ് സുനിൽ കുമാർ രണ്ടാമതും വി മുരളീധരൻ മൂന്നാം സ്ഥാനവുമാണ് നേടിയത്. ഇതിൽ വി മുരളീധരൻ മൂന്നാമത് പോകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചില്ല.
സുരേഷ് ഗോപി കഴിഞ്ഞ തവണ തോറ്റ ശേഷം തൃശൂർ മണ്ഡലത്തിൽ തന്നെ സജീവമായി പ്രവർത്തിച്ചത് വിജയത്തിന് വലിയ ഒരു കാരണമായി. തൃശൂർ കഴിഞ്ഞ ബിജെപി ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടുള്ളത് തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലുമാണ്. ഇതിൽ തന്നെ ശോഭ സുരേന്ദ്രൻ കഴിഞ്ഞ തവണ ആറ്റിങ്ങലിൽ നിന്നപ്പോൾ പിടിച്ച വോട്ടും ഈ തവണ ആലപ്പുഴയിൽ നിന്നപ്പോൾ നേടിയ വോട്ടും പ്രശംസനീയമാണ്.
സുരേഷ് ഗോപി 2019-ൽ തൃശ്ശൂർ എനിക്ക് വേണം, നിങ്ങൾ എനിക്ക് തരണം, ഞാനിങ്ങ് എടുക്കുകയാണ് എന്ന് പറഞ്ഞപ്പോഴുള്ള ഡയലോഗ് ഒരു സമയത്ത് ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്തിന് സിനിമ നടിയായ നിമിഷ സജയൻ പോലും അതിനെ പരിഹസിച്ച് ഒരിക്കൽ ഒരു വേദിയിൽ സംസാരിച്ചിട്ടുണ്ട്. തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല പിന്നെയാ എന്നായിരുന്നു അന്ന് നിമിഷ പറഞ്ഞത്. ഇപ്പോൾ അത് തിരിച്ചടിച്ചിരിക്കുകയാണ്.
ട്രോളുകളിൽ എല്ലാം നിമിഷയെ വിമർശിച്ചുകൊണ്ടാണ് ബിജെപി പ്രവർത്തകർ രംഗത്ത് വന്നിട്ടുള്ളത്. തൃശൂർ സുരേഷ് ഏട്ടൻ എടുത്തു എന്നായിരുന്നു പലരുടെയും പ്രതികരണം. അന്ന് നിമിഷയെ പോലെയൊരു നടി പരിഹസിച്ചപ്പോൾ ഇന്ന് സുരേഷ് ഗോപിയെ അഭിനന്ദിച്ചും നടിമാർ രംഗത്ത് വന്നിട്ടുണ്ട്. നടിമാരായ അനുശ്രീ, കൃഷ്ണപ്രഭ, ജ്യോതി കൃഷ്ണ, ഭാമ എന്നിവരാണ് പോസ്റ്റുകളിൽ ഇട്ടവരിൽ മുന്നിൽ. ഇതിൽ അനുശ്രീ ബിജെപിയിൽ വിശ്വസിക്കുന്ന ഒരു താരമാണ്.