‘സാധാരണ ജനങ്ങളുടെ മനസ് വായിക്കാൻ എനിക്കറിയാം..’ – സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ അഖിൽ മാരാർ

ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ സുരേഷ് ഗോപി തൃശൂർ ലോകസഭാ മണ്ഡലത്തിൽ വിജയിയായി മാറിയിരിക്കുകയാണ്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് മലയാളികൾ സ്ഥിരം പറയാറുള്ള കാര്യം സുരേഷ് ഗോപിയുടെ കാര്യത്തിൽ നടന്നിരിക്കുകയാണ്. 2014-ലും 2019-ലും തിരഞ്ഞെടുപ്പിൽ നിന്ന് തോറ്റുപോയ സുരേഷ് ഗോപിയെ 2024-ൽ ജനങ്ങൾ കൈവിട്ടിട്ടില്ല. 74000 വോട്ടുകൾക്ക് അദ്ദേഹം തൃശ്ശൂരിൽ ജയിച്ചിരിക്കുകയാണ്.

ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നിരിക്കുകയാണ്. ഒരു സിനിമ താരമെന്നുളള താരപരിവേഷം മാത്രമല്ല, തൃശ്ശൂരിൽ കഴിഞ്ഞ അഞ്ച് വർഷത്തോളം ഈ ഒരു കാര്യത്തിന് വേണ്ടി അദ്ദേഹം നല്ല പോലെ പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭ എംപി ആയിരുന്നപ്പോൾ തൃശൂരിന് വേണ്ട സഹായങ്ങൾ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആഗ്രഹിച്ചിരുന്നു.

എന്നാൽ മാസങ്ങൾക്ക് മുമ്പ് തന്നെ സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിക്കുമെന്ന് പറഞ്ഞൊരാളാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. കഴിഞ്ഞ വർഷം “തോൽപ്പിക്കാൻ നോക്കിയപ്പോൾ ജയിച്ചുകയറിയ രണ്ട് പേർ എന്ന് ഭാവിയിൽ ഈ ഫോട്ടോയ്ക്ക് കമന്റ് വീഴട്ടെ..” എന്ന് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് വീണ്ടും പങ്കുവച്ചുകൊണ്ട് അഖിൽ മാരാർ ഒരിക്കൽ കൂടി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.

“ഞാൻ ജയിക്കും എന്ന് മുൻകൂട്ടി പറഞ്ഞതും സുരേഷേട്ടൻ ജയിക്കും എന്ന് 7 മാസം മുൻപ് പറഞ്ഞതും എന്ത് കൊണ്ടാണെന്ന് വെച്ചാൽ സാധാരണ ജനങ്ങളുടെ മനസ് വായിക്കാൻ എനിക്കറിയാം.. അപ്പൊഴെങ്ങനാ ഞാൻ വീണ്ടും സംഘി ആവുകയല്ലേ..”, അഖിൽ മാരാർ പോസ്റ്റിന് ഒപ്പം കുറിച്ചു. ഇതായിരുന്നു ആ പഴയ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അഖിൽ കുറിച്ചത്. പാർട്ടി നോക്കാതെ സുരേഷ് ഗോപി എന്ന നല്ല മനുഷ്യന് ജനങ്ങൾ കൊടുത്ത വിജയം എന്നായിരുന്നു ചിലർ ഇതിന് നൽകിയ മറുപടി.