സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പരാമർശം. കോൺഗ്രസ് പാർട്ടിയും എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സംഘടനകൾ പോലും മിത്ത് വിവാദത്തിൽ നിന്ന് പരസ്യ പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറിയെങ്കിലും ബിജെപി ഷംസീർ മാപ്പ് പറയുന്ന വരെ വിവാദം തണുപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാണ്.
കഴിഞ്ഞ ദിവസം സാംസ്കാരിക വകുപ്പ് മന്ത്രി, സജി ചെറിയാന്റെ വിവാദം ‘വാങ്ക്’ പരാമർശത്തിൽ പോലും അദ്ദേഹം പെട്ടന്ന് തെറ്റുതിരുത്തി കേദം പ്രകടിപ്പിച്ചതോടെ ഷംസീറിന്റെ കാര്യത്തിലും തീരുമാനമാക്കാതെ വിവാദം നിർത്തുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറയുകയും ഹിന്ദു വിരുദ്ധ പരാമർശത്തിൽ മാപ്പ് പറയാതിരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് പോയികൊണ്ടിരിക്കുകയാണ്.
വിവാദം വെള്ളം ഒഴിച്ച് കെടുത്തതിന് പകരം ബിജെപി നേതാക്കൾ കൂടുതൽ ആളിക്കത്തിക്കാനാണ് നോക്കുന്നത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മിത്ത് വിവാദത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്. “താങ്കളുടെ മിത്ത് എന്റെ സത്യം. ആരെയും ഇന്നേവരെ ദ്രോഹിച്ചിട്ടില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത കളങ്കമില്ലാത്ത സർവ സത്യം. എന്റെ വീട്ടിൽ എന്റെ സത്യം.
ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം. കോടി കണക്കിന് മനുഷ്യരുടെ സത്യം..”, സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനോടൊപ്പം തന്റെ വീട്ടിലെ ഗണപതിയുടെ ചിത്രവും അതോടൊപ്പം ശില്പങ്ങളുടെയും ഫോട്ടോ സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിട്ട് നിമിഷനേരം കൊണ്ട് തന്നെ വിശ്വാസി സമൂഹം അത് ഏറ്റെടുത്തു കഴിഞ്ഞിട്ടുമുണ്ട്. എന്തുകൊണ്ട് ഇത്രയും ദിവസം പ്രതികരിച്ചില്ലെന്ന് ചോദ്യങ്ങളും വരുന്നുണ്ട്.