‘ആ മുല്ലപ്പൂവ് നൽകുമ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അച്ഛാ എന്ന് ഒരു തവണ വിളിക്കണം..’ – ആഗ്രഹം പറഞ്ഞ് ധന്യ

ഗുരുവായൂർ അമ്പലത്തിന് മുന്നിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂവ് വിൽക്കുന്ന യുവതിയുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഭർത്താവിന്റെ അസുഖവും അതിന് വേണ്ടി ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടത്താനും വേണ്ടിയാണ് ധന്യ എന്ന യുവതി കൈക്കുഞ്ഞുമായി ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ മുല്ലപ്പൂവ് വിൽക്കുന്നത്. ഈ വീഡിയോ വൈറലായി.

മാധ്യമങ്ങളിൽ വാർത്ത വന്നതോടെ നടനും രാഷ്‌ടീയ നേതാവുമായ സുരേഷ് ഗോപി ധന്യയ്ക്ക് സഹായവുമായി രംഗത്ത് വന്നു. മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തൊട്ടടുത്ത ദിവസം തന്നെ ധന്യയേയും കുടുംബത്തെയും കാണാൻ വേണ്ടി സുരേഷ് ഗോപി ഗുരുവായൂരിൽ എത്തി. ധന്യയ്ക്ക് വേണ്ട സഹായങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകി.

സുരേഷ് ഗോപിയെ ഇനി കാണുമ്പോഴുള്ള തന്റെ ആഗ്രഹം ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് ധന്യ. “എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടര വർഷമായി. കല്യാണശേഷം എന്റെ അച്ഛനെ വഴിയിൽ വച്ച് കാണാറുണ്ടെങ്കിലും അദ്ദേഹം എന്നോട് സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ സുരേഷേട്ടനെ കണ്ടപ്പോൾ എന്റെ അച്ഛന്റെ തോന്നലാണ് ഉണ്ടായത്. സുരേഷേട്ടനെ കാണുമ്പോൾ ഞാൻ അച്ഛാ എന്ന് വിളിച്ചിട്ട് ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ഞാൻ ചേട്ടനോട് ചോദിച്ചു.

ചേട്ടൻ അതിനെന്താ കെട്ടിപ്പിടിച്ചോ എന്ന് പറഞ്ഞു.. പക്ഷേ അദ്ദേഹം അടുത്ത് വന്നപ്പോൾ എനിക്കൊന്നും സാധിച്ചില്ല. ഇനി ആ മുല്ലപ്പൂവ് ഏൽപ്പിക്കുമ്പോൾ എനിക്ക് അദ്ദേഹത്തെ ഒന്ന് കെട്ടിപ്പിടിക്കണം.. ഒരു തവണ അച്ഛാ എന്നൊന്ന് വിളിക്കണം. എന്റെ വലിയയൊരു ആഗ്രഹമാണ്‌ അത്..”, ധന്യ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് ആവശ്യമുള്ള മുല്ലപ്പൂവിന്റെ ഓർഡറാണ് ധന്യയ്ക്ക് കൊടുത്തിരിക്കുന്നത്.