‘കനൽത്തരി എന്നേ ചാരം പോലുമല്ലാതായി തീർന്നു, മനുഷ്യന് വേണ്ടിയാണ് ഈ പദയാത്ര..’ – കരുവന്നൂരില്‍ തുടക്കം കുറിച്ച് സുരേഷ് ഗോപി

സഹകരണ മേഖലയിലെ കൊള്ളയ്ക്കും തട്ടിപ്പിനും എതിരെ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രയുടെ തുടക്കം കരുവന്നൂില്‍ നിന്ന് ആരംഭിച്ചു. പണം നഷ്ടപ്പെട്ട പാവപ്പെട്ട നിക്ഷേപകര്‍ക്ക് വേണ്ടിയാണ് ഈ പദയാത്രയെന്ന് അദ്ദേഹം ഉദ്‌ഘാടന വേദിയിൽ പറഞ്ഞു. കരുവന്നൂരിലെ സഹകരണ ബാങ്കിൽ നിന്നും ആരംഭിച്ച പദയാത്ര തൃശൂർ കോർപറേഷന് മുന്നിൽ സമാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്‌ത്‌ ഉദ്ഘാടനം ചെയ്തു.

പദയാത്ര തുടങ്ങുന്നതിന് മുമ്പ് സുരേഷ് ഗോപി ജനങ്ങൾക്ക് മുന്നിൽ പ്രസംഗിച്ചിരുന്നു. “പാർട്ടി പ്രവർത്തകർ മാത്രമല്ല ഇതിൽ പങ്കെടുക്കാൻ എത്തിയ ബാധിക്കപെട്ട കുടുംബങ്ങൾ, അവരുടെ കണ്ണീർ കണ്ട കുടുംബങ്ങൾ, അവർക്ക് എന്റെ വിനീതനമസ്കാരം.. നിഷ്ഠൂരന്മാർ ചിന്തിയ ചോരയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ. ഒട്ടും ആവേശഭരിതനായിട്ടല്ല ഞാൻ ഈ വേദിയിൽ വന്നുനിൽക്കുന്നത്. നിങ്ങളിലേക്ക് ഈ ആവേശം പകർന്നു നൽകാനുമല്ല ഞാൻ ഇവിടെ പങ്കെടുക്കുന്നത്. മനുഷ്യൻ എന്ന് പറയുമ്പോൾ മനുഷ്യനാകണം, എന്ന ആർത്തവാക്യം അത് ആർക്കും ഭാരതമാതാവ് തീറെഴുതി കൊടുത്തിട്ടില്ല.

ആ മാനുഷികമായ പരിഗണന മാത്രം കൊണ്ടാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. 2016-ലാണ് നോട്ടുമാറ്റം പ്രഖ്യാപിക്കുന്നത്. അന്നേ തുടങ്ങി കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രശ്നം. അന്ന് ഇത് ഒത്തുതീർക്കാൻ വേണ്ടി അരുൺ ജയ്റ്റ്ലിയുടെ മുറിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ജോൺ ബ്രിട്ടാസും അടങ്ങുന്ന ഒരു സംഘം ഈ പ്രശ്നം രമ്യതയിൽ പരിഗണിക്കാൻ നോക്കിയതാണ്. അവിടെ വച്ച് വളരെ ദൃഢമായി പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഇന്ന് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനി അങ്ങ് കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും അതുപോലെയുള്ള പ്രദേശങ്ങളിലേക്ക് ഇതങ്ങ് തുടരും. അതിന്റെ ചെറിയ ഒരു തീനാളം ആണ് ഇവിടെ നടക്കുന്നത്.

കനൽത്തരി അല്ല! കനൽത്തരി എന്നേ ചാരം പോലുമല്ലാതായി തീർന്നിരിക്കുന്നത്. ഇത് സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാൻ വേണ്ടിയോ അതിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യാൻ വേണ്ടിയോ ഒന്നുമല്ല. സഹകരണ ബാങ്കുകൾ ഈ പാവങ്ങളുടെ ചോര പണം, അത് തിരിച്ചുനൽകുന്നത് വരെയും നിങ്ങൾ നിലനിൽക്കണം. അതുവരെ പൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ല. ഒരു ശുദ്ധീകരണം നടത്തണം. രാഷ്ട്രീയപരമായിട്ടല്ല, മാനുഷിക പരിഗണന മാത്രമെന്ന് ഞാൻ വീണ്ടും പറയുന്നു. ആ പ്രക്രീയയ്ക്കുള്ള തുടക്കം ഇന്ന് കുറിക്കപ്പെടട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട് ഈ പദയാത്ര മനുഷ്യൻ വേണ്ടി ഇവിടെ തുടങ്ങുന്നു.. മനുഷ്യൻ വേണ്ടി ദാ ഇവിടെ തുടങ്ങുന്നു..”, സുരേഷ് ഗോപി പറഞ്ഞു.