‘തമിഴിൽ ഈ വർഷം ഞെട്ടിച്ച വില്ലൻ ആരാണ്? പ്രേക്ഷകർക്ക് ഇടയിൽ ചർച്ച സജീവം..’ – പോസ്റ്റ് വായിക്കാം

തമിഴ് സിനിമ മേഖലയ്ക്ക് ഒരു നല്ല വർഷം കൂടി നടന്നുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ ഹൈപ്പുണ്ടായ പല സിനിമകളും തിയേറ്ററുകളിൽ വലിയ വിജയം ആകുന്നതിനൊപ്പം തന്നെ അപ്രതീക്ഷിതമായി ചില ചെറിയ സിനിമകളും ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയിരുന്നു. മലയാളത്തിൽ പൊതുവേ ഹൈപ്പുണ്ടാക്കുന്ന സിനിമകൾക്ക് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടാൻ സാധിക്കാറില്ലെന്നതും ശ്രദ്ധേയമാണ്.

തമിഴ് സിനിമയിലിപ്പോൾ നായകന്മാരെക്കാൾ കൈയടി നേടാറുള്ളത് വില്ലന്മാരാണെന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഈ വർഷം തന്നെ തമിഴിൽ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള നിരവധി വില്ലൻ കഥാപാത്രങ്ങളാണ് ഉള്ളത്. അതിൽ തന്നെ നാല് പേരുടെ പ്രകടനമാണ് പ്രേക്ഷകർക്ക് ഇടയിൽ ഏറ്റവും ചർച്ചയിട്ടുള്ളത്. ഇവരിൽ ആരാണ് ഈ തവണത്തെ ഏറ്റവും മികച്ച വില്ലനെന്ന് കണ്ടുപിടിക്കാൻ പ്രയാസവുമാണ്.

പോർ തൊഴിൽ എന്ന സിനിമയിലെ കെന്നഡി സെബാസ്റ്റ്യൻ എന്ന വില്ലനായി അഭിനയിച്ച ശരത് ബാബു, മാമന്നൻ എന്ന ചിത്രത്തിലെ രത്നവേൽ എന്ന ഗംഭീര വില്ലൻ വേഷം ചെയ്ത ഫഹദ് ഫാസിൽ, ഈ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ഹിറ്റായ ജയിലറിലെ വർമൻ എന്ന വില്ലനായി എത്തിയ വിനായകൻ, ഈ അടുത്തിടെ പുറത്തിറങ്ങിയ മാർക്ക് ആന്റണി എന്ന സിനിമയിലെ ജാക്കി പാണ്ഡ്യൻ, മധൻ പാണ്ഡ്യൻ എന്നീ റോളുകളിൽ തിളങ്ങിയ എസ്.ജെ സൂര്യ എന്നിവരുടെ പ്രകടനമാണ് മികച്ചതായി പറയുന്നത്.

ഇവരിൽ ആരാണ് കൂട്ടത്തിൽ ഏറ്റവും നല്ല വില്ലൻ എന്ന് കണ്ടുപിടിക്കുന്നതിനുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുമുണ്ട്. ചിലർ വിനായകൻ ആണെന്ന് പറയുമ്പോൾ മറ്റു ചിലർ ഫഹദ് ആണെന്ന് പറയുന്നു, സിനിമ തന്നെ കൊണ്ടുപോയത് എസ്,ജെ സൂര്യ ആണെന്ന് വിലയിരുത്തി അദ്ദേഹത്തിന്റെ പേരും ചിലർ പറയുന്നു. തീയേറ്ററിലിരുന്ന് പേടിച്ചത് ശരത് ബാബുവിന്റെ പ്രകടനം കണ്ടാണെന്നും ഒരു കൂട്ടർ പറയുന്നു.