‘എന്റെ മകളിപ്പോൾ ഉണ്ടെങ്കിൽ 32 വയസ്സാണ്, ആ പ്രായത്തിലെ പെൺകുട്ടികളെ കണ്ടാൽ..’ – കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് നടൻ സുരേഷ് ഗോപി. രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ ചിലർക്കെങ്കിലും എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ പലപ്പോഴും മലയാളികൾ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അഭിനയത്രിയായിരുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധികയെ ആയിരുന്നു സുരേഷ് ഗോപി വിവാഹം ചെയ്തത്.

അഞ്ച് മക്കളാണ് ഇവർക്ക് ഉള്ളത്. ലക്ഷ്മി, ഗോകുൽ, ഭാഗ്യ, ഭവാനി, മാധവ് എന്നിങ്ങനെയാണ് സുരേഷ് ഗോപിയുടെ മക്കളുടെ പേരുകൾ. ഇതിൽ മൂത്തമകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ മരിച്ചു പോയിരുന്നു. ഇന്നും സുരേഷ് ഗോപി ആ വേദനയിൽ സങ്കടപ്പെടുന്നത് പലപ്പോഴും മലയാളികൾ കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ മകളുടെ ഓർമ്മയിൽ പൊട്ടിക്കരയുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് വൈറലാവുന്നത്.

ഒരു മാധ്യമത്തിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി മകളെ കുറിച്ച് സംസാരിച്ച് കണ്ണുകൾ നിറഞ്ഞത്. “എന്റെ മകൾ ഇപ്പോൾ ഉണ്ടെങ്കിൽ 32 വയസ്സ്, എനിക്കൊരു മുപ്പത് വയസ്സായ പെൺകുട്ടിയെ കണ്ടാൽ പോലും കെട്ടിപിടിച്ച് ഞെക്കി ഉമ്മ കൊടുക്കാനുള്ള കൊതിയാണ്. ലക്ഷ്മിയുടെ ഒരു ലോസ് എന്ന് പറയുന്നത് എന്നെ മരിച്ച് പട്ടടയിൽ കൊണ്ടുപോയി കത്തിച്ച് കഴിഞ്ഞാൽ ആ ചാരത്തിന് പോലും ആ വേദനയുണ്ടാകും!

ലക്ഷ്മി എന്റെ സിനിമ ജീവിതത്തിൽ വലിയ രീതിയിൽ സംഭാവന ചെയ്തിട്ടുണ്ട്..”, സുരേഷ് ഗോപി അഭിമുഖത്തിൽ കണ്ണുകൾ നിറഞ്ഞ് പറഞ്ഞു. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ പാപ്പന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഏറെ വൈകാരികമായ ഈ നിമിഷമുണ്ടായത്. ജൂലൈ 29-നാണ് സുരേഷ് ഗോപിയുടെ ചിത്രം പാപ്പൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.