‘ഡോക്ടർ റോബിൻ ബിഗ് ബോസിൽ നിന്ന് പുറത്തായത് നന്നായി..’ – കാരണം തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

ഏഷ്യാനെറ്റിൽ ഏറെ പ്രേക്ഷകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമുള്ള ബിഗ് ബോസിന്റെ മലയാളം പതിപ്പിൽ അവതാരകനായി എത്തുന്നത് മോഹൻലാലാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരുമായ ഒരുപിടി മത്സരാർത്ഥികൾ അതിലുണ്ടായിരുന്നു.

ഏകദേശം 80 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് ഷോ. ബ്ലെസ്ലീ, ധന്യ, ലക്ഷ്മിപ്രിയ, റോൺസൺ, ദിൽഷാ, സൂരജ്, റിയാസ്, വിനയ് തുടങ്ങിയ മത്സരാർത്ഥികളാണ് ഇപ്പോൾ ഷോയിലുള്ളത്. കുട്ടി അഖിലാണ് അതിൽ നിന്ന് പുറത്തായ അവസാനത്തെ മത്സരാർത്ഥി. അതിന് മുമ്പ് ഏറെ ചർച്ചയാവുകയും പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്ക് എതിരായി ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു റോബിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയത്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ സ്വീകരിക്കാൻ വൻ ജനാവലിയായിരുന്നു എയർപോർട്ടിൽ എത്തിയത്. ഷോയുടെ റേറ്റിംഗ് കുത്തനെ കുറയുകയും ചെയ്തിരുന്നു. മോഹൻലാലിനും ബിഗ് ബോസിനും എതിരെ വരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നിരുന്നു.

തെറ്റ് ചെയ്തതുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്ന് റോബിനും പറഞ്ഞിരുന്നു. പ്രേക്ഷകരുടെ ആരാധകരുടെയും പ്രതികരണങ്ങൾ ഉണ്ടായിരുന്നത് കണ്ടതാണ്. എന്നാൽ ഇപ്പോഴിതാ നടൻ സുരാജ് വെഞ്ഞാറമൂട് റോബിന്റെ പുറത്താക്കലിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ്. റോബിൻ പുറത്തായത് നന്നായി എന്നാണ് സുരാജ് പറഞ്ഞത്. അതിന് വ്യക്തമായ കാരണവും സുരാജിന് ഉണ്ടായിരുന്നു.

“റോബിൻ പോയത് നന്നായി.. കാര്യം റോബിൻ ഫൈനൽ വരെ ഉണ്ടായിരുന്നെങ്കിൽ ഈ ഒരു ഇമ്പാക്ട് ഉണ്ടായിരിക്കില്ല. ഫൈനലിൽ വരാതെ പുറത്തായതാണ് അദ്ദേഹത്തിന് നല്ലത്. ഒരു ഫൈനലിസ്റ്റ് ആകുന്നതിന്റെ അതെ ഇമ്പാക്ട് അദ്ദേഹത്തിന് ഇപ്പോൾ കിട്ടി. അതാണ് ഞാൻ മനസ്സിലാക്കുന്നത്. ചില എപ്പിസോഡുകൾ കണ്ടിട്ടുണ്ട്..” സുരാജ് അഭിപ്രായപ്പെട്ടു. അതെ സമയം ബിഗ് ബോസിലേക്ക് സുരാജ് പോകുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു മറുപടി. ഹെവൻ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സുരാജ് ഈ കാര്യം വെളിപ്പെടുത്തിയത്.