‘വാണി വിശ്വനാഥിന് 53ാം പിറന്നാൾ! കുഞ്ഞ് അനുജത്തിയെ പോലെ ചേർത്തു നിർത്തി..’ – കുറിപ്പുമായി നടി സുരഭി ലക്ഷ്മി

മലയാള സിനിമയിലെ ആക്ഷൻ ക്യൂൻ എന്നറിയപ്പെട്ടിരുന്ന നായികനടിയായിരുന്ന വാണി വിശ്വനാഥ്. വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇന്നും വാണി വിശ്വനാഥ് എന്ന് കേൾക്കുമ്പോഴേ പ്രേക്ഷകരുടെ മനസ്സിലേക്ക് പെട്ടന്ന് ഓർമ്മ വരുന്നത് ആ വിളിപ്പേര് തന്നെയായിരിക്കും. ഒരു കാലത്ത് നായകന്മാരും നടന്മാരും ചെയ്തിരുന്ന ആക്ഷൻ രംഗങ്ങൾ അനായാസം വാണി സിനിമയിൽ ചെയ്തിരുന്നു.

അങ്ങനെയാണ് ആക്ഷൻ ക്യൂൻ എന്ന വിളിപ്പേര് വാണിക്ക് ലഭിക്കുന്നത്. ഒരുകാലത്ത് തന്റെ വില്ലനായി സിനിമയിൽ അഭിനയിച്ച ബാബു രാജിനെയാണ് വാണി വിവാഹം ചെയ്തത്. രണ്ട് മക്കളും താരദമ്പതികൾക്കുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വാണി സിനിമയിലേക്ക് തിരിച്ചുവരികയാണ്. റൈഫിൾ ക്ലബ് എന്ന സിനിമയിലൂടെയാണ് വാണി തിരിച്ചുവരവ് നടത്തുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.

ഇതിനിടയിലാണ് താരത്തിന്റെ 53ാം ജന്മദിനം വന്നെത്തിയിരിക്കുന്നത്. റൈഫിൾ ക്ലബിൽ ഒരുമിച്ച് അഭിനയിക്കുന്ന നടി സുരഭി ലക്ഷ്മിയാണ് വാണിയുടെ ജന്മദിനം ആണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരു ചെറിയ കുറിപ്പും വാണിക്ക് ഒപ്പമുള്ള ഫോട്ടോസും പങ്കുവച്ചാണ് സുരഭി ഈ സന്തോഷം അറിയിച്ചത്. “കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് 50 പിറന്നാളുമ്മകൾ.

ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് ചേച്ചി.. വാണിചേച്ചിയുടെ കൂടെ റൈഫിൾ ക്ലബിൽ 40 ദിവസം എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകി, നേതൃത്വം വഹിക്കുകയും, കുഞ്ഞനുജത്തിയെ പോലെ ചേർത്തു നിർത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.. ഞാൻ നിങ്ങളെ വിലമതിക്കുന്നു..”, സുരഭി കുറിച്ചു.