‘ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ അവൾ വിവാഹിതയായി, ഇതെന്റെ മകളുടെ ആദർശം..’ – കുറിപ്പ് വൈറൽ

മമ്മൂട്ടി നായകനായ ഭീഷ്മപർവം എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയും നടി റെയ്ന രാധാകൃഷ്ണന്റെ സഹോദരി ഷൈന രാധാകൃഷ്ണനും തമ്മിൽ വിവാഹിതരായ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഈ കഴിഞ്ഞ ദിവസം ശ്രദ്ധനേടിയിരുന്നു. ഒരുപാട് ആർഭാടങ്ങൾ ഇല്ലാത്ത വളരെ ലളിതമായി രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം നടന്നത്. താരങ്ങൾ ഉൾപ്പടെയുള്ളവർ നവദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു.

ഇപ്പോഴിതാ റെയ്നയുടെയും ഷൈനയുടെയും അമ്മ സുനന്ദ അപ്പുക്കുട്ടൻ മകളുടെ വിവാഹത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടിയിരിക്കുന്നത്. “എന്റെ തക്കു വിവാഹിതയായി. ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ.. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഏറ്റവും പ്രിയപെട്ടവരുടെ സാന്നിധ്യത്തിൽ ഒരു ഒപ്പിലൂടെ അവൾ “ദേവവധുവായി”. തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം..

ആളുകൾ എന്ത് പറയും എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് എന്റെ ചെറിയ ആശങ്കക്ക് അവർ എന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തിൽ പറഞ്ഞതിന്! കൂടെ കട്ടക്ക് നിന്ന ഷാജിചേട്ടനും സുബിക്കും സ്നേഹം.. സുനന്ദയ്ക്ക് ചിലവില്ലലോ എന്ന് മുഖത്തുനോക്കി പറഞ്ഞ പ്രിയരേ. ഇത് എന്റെ മകളുടെ ആദർശമാണ്.. സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളുമുള്ള ഇൻഡിപെൻഡന്റായ തക്കുന്റെ കൂടെ നിൽക്കുക എന്നുള്ളത് ഒരമ്മയെന്ന നിലയിൽ എനിക്ക് അവൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.

ഈ തീരുമാനത്തെ ഏറ്റവും അഭിമാനത്തോടെയും സ്നേഹത്തോടെയും കണ്ട സുബിക്കും ശിവേട്ടനും ചിന്നുമോൾക്കും സുജാതക്കും സുഷമക്കും ഉണ്ണിക്കും, നിങ്ങൾ സൂപ്പറാ.. അച്ഛൻ നിങ്ങളെയോർത്ത് എന്നും അഭിമാനിച്ചിരുന്നു.. ഇപ്പോളത് നൂറിരട്ടി ആയികാണും.. തക്കുമോളെ അഗു.. ഉമ്മ..”, സുനന്ദ മകളുടെ വിവാഹ ഫോട്ടോ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. മകളെ ഓർത്ത് ഈ അമ്മയ്ക്ക് അഭിമാനിക്കാം എന്ന് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ഇട്ടത്. ഇരുവരുടെയും പ്രണയ വിവാഹമാണ്.