‘ഒരു കൊച്ചു കേക്ക് കട്ടിംഗ്! അമേരിക്കയിൽ ജന്മദിനം ആഘോഷമാക്കി നടി സുചിത്ര മുരളി..’ – ചിത്രങ്ങൾ വൈറൽ

തൊണ്ണൂറുകളിൽ മലയാളികൾ ഏറെ നെഞ്ചിലേറ്റിയ ഒരു നായികാ നടിയാണ് സുചിത്ര മുരളി. യുവാക്കളുടെ മനസ്സുകളിൽ ഓളമുണ്ടാക്കിയ സുചിത്ര, ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ്. പിന്നീട് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലൂടെ പതിനാലാം വയസ്സിൽ നായികയായി തുടക്കം കുറിച്ച സുചിത്ര തൊണ്ണൂറുകളിൽ നിരവധി സിനിമകളിലാണ് നായികയായി തിളങ്ങി നിന്നത്.

ജഗദീഷ്, സിദ്ധിഖ് എന്നിവരുടെ സിനിമകളിലാണ് സുചിത്ര കൂടുതൽ നായികയായിട്ടുള്ളത്. കൂടുതലും കോമഡി സിനിമകളായിരുന്നു. രാക്ഷസരാജാവ് എന്ന സിനിമയിലാണ് മലയാളത്തിൽ സുചിത്ര അവസാനമായി അഭിനയിച്ചത്. 2002-ലാണ് സുചിത്ര വിവാഹിതയാകുന്നത്. വിവാഹശേഷം സുചിത്ര സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. കുടുംബത്തിന് ഒപ്പം ഇപ്പോൾ അമേരിക്കയിലാണ് സുചിത്ര.

ഒരു മകളാണ് താരത്തിനുള്ളത്. അമേരിക്കയിൽ നിന്നുള്ള പുതിയ വിശേഷങ്ങൾ സുചിത്ര പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ നാല്പത്തിയൊൻപതാം ജന്മദിനം അമേരിക്കയിൽ ആഘോഷിക്കുകയാണ് സുചിത്ര. “ഒരു കൊച്ചു കേക്ക് കട്ടിംഗ്” എന്ന ക്യാപ്ഷൻ എഴുതി ജന്മദിനാഘോഷിക്കുന്ന ചിത്രങ്ങൾ സുചിത്ര പങ്കുവച്ചിരിക്കുകയാണ്. കറുപ്പ് നിറത്തിലെ വസ്ത്രങ്ങൾ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സുചിത്രയെ കാണാൻ സാധിക്കുന്നത്.

ഭർത്താവ് മുരളിയെയും ചിത്രങ്ങളിൽ കാണാമെങ്കിലും ഏകമകൾ നേഹയെ ആഘോഷങ്ങളിൽ കണ്ടില്ല. അമേരിക്കയിൽ ആണെങ്കിലും ഇടയ്ക്ക് ഒക്കെ താരം നാട്ടിൽ വരാറുണ്ട്. അമ്മയുടെ കൂടെ ക്ഷേത്രങ്ങളിൽ പോകുന്ന ഫോട്ടോസൊക്കെ സുചിത്ര പോസ്റ്റ് ചെയ്യാറുമുണ്ട്. താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായി രണ്ട് തവണ സുചിത്ര തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് അവസാനമായി ടെലിവിഷൻ ഷോയിൽ പങ്കെടുത്തത്.