‘ഏത് സിനിമയിലാണ് അഭിനയിക്കുന്നതെന്ന് പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ല..’ – ഷൈനും ശ്രീനാഥിനും വിലക്ക്

സിനിമ താരങ്ങളായ ഷൈൻ നിഗത്തെയും ശ്രീനാഥ് ഭാസിയും സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കി സംഘടനകൾ. ഇരുവരും പലപ്പോഴും സിനിമകളുമായി സഹകരിക്കുന്നില്ലെന്നും സെറ്റുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും സംഘടനകൾ വ്യക്തമാക്കി. താരസംഘടന അമ്മയും പ്രൊഡ്യൂസഴ്സ് അസോസിയേഷനും ഫെഫ്കയും കൊച്ചിയിൽ ചേർന്ന് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

വലിയ രീതിയിലുള്ള കാരണങ്ങളാണ് ഇരുവർക്കും നേരെ സംഘടനങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും സെറ്റുകളിൽ താരങ്ങളോട് മോശമായി പെരുമാറുന്നുവെന്നും സിനിമകളുമായി സഹകരിക്കുന്നില്ലെന്നും ഒരേ സമയം പല ചിത്രങ്ങൾക്ക് ഡേറ്റ് കൊടുത്ത് മൊത്തത്തിൽ കുഴപ്പമാക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് ഇരുവരെയും വിലക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി അമ്മ സംഘടനയിൽ അംഗം അല്ല.

ഇരുവർക്കും എതിരെ ഇതിന് മുമ്പും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. അഭിമുഖങ്ങളിൽ മോശമായി സംസാരിച്ചതിന് ശ്രീനാഥ് ഭാസിയെ വിലക്കുകയും ചെയ്തിരുന്നു. പിന്നീട് മാപ്പ് പറഞ്ഞതിന് ശേഷമാണ് അഭിനയിക്കാൻ വീണ്ടും അനുവാദം നൽകിയത്. ഷൈൻ നിഗും ഒരു നിർമ്മാതാവും തമ്മിലുള്ള പ്രശ്നങ്ങളും ഏറെ ചർച്ചയായ ഒന്നായിരുന്നു. സിനിമയിൽ മേഖലയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ടെന്ന് വാർത്ത സമ്മേളനത്തിൽ നിർമ്മതാവ് രഞ്ജിത്ത് പറഞ്ഞു.

അവരുമായി സഹകരിക്കില്ലെന്നും പലപ്പോഴും ഈ രണ്ട് നടൻമാർ ബോധമില്ലാതെയാണ് പെരുമാറുന്നത് എന്നും വാർത്താസമ്മേളനത്തിൽ രഞ്ജിത്ത് വ്യക്തമാക്കി. പുതിയ നിർമ്മാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് സിനിമ ചെയ്യാമെന്നും സംഘടനാ സഹകരിക്കില്ലെന്നും വ്യക്തമാക്കി. ശ്രീനാഥ് ഭാസി ഒരേ സമയം പല നിർമ്മാതാക്കൾക്ക് ഡേറ്റ് നൽകുന്നു, ഏതൊക്കെ ദിവസങ്ങളിലാണ് നൽകുന്നത് എന്ന് അദ്ദേഹത്തിന് പോലും ഓർമ്മയില്ലെന്നും ഇതുമൂലം നിർമ്മാതാക്കൾക്ക് കാണാത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും നിർമ്മാതാക്കളുടെ സംഘടന പറയുന്നു.