‘ആട് തോമ വന്നത് ചുമ്മാ പോകാനല്ല!! റീ റിലീസിലും സൂപ്പർഹിറ്റായി സ്പടികം..’ – കളക്ഷൻ റിപ്പോർട്ട് പുറത്ത്

28 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ നായകനായ സ്പടികം വീണ്ടും മുഖം മിനുക്കി റീ റിലീസ് ചെയ്തപ്പോഴും കൈ വിടാതെ പ്രേക്ഷകർ. ടെലിവിഷൻ ചാനലുകളിൽ നിരവധി തവണ സംപ്രേക്ഷണം ചെയ്യുകയും അല്ലാതെ തന്നെ പല പ്ലാറ്റുഫോമുകളിൽ ലഭ്യമായിട്ടും കൂടിയും 4കെ ഡോള്‍ബി അറ്റ്മോസ് അനുഭവത്തിലേക്ക് അപ്ഗ്രേഡ് എത്തിയപ്പോൾ ആട് തോമയെ വീണ്ടും കാണാൻ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് വന്നു.

ആളുകൾ വരുമെന്ന് തിയേറ്റർ ഉടമകൾ വരെ സംശയിച്ചിരുന്നു. ആദ്യ ദിനത്തിൽ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ സംഭവം കൊളുത്തിയെന്ന് തിയേറ്റർ ഉടമകൾക്ക് മനസ്സിലായി. ഒരു ഷോ ഉണ്ടായിരുന്ന തിയേറ്ററുകൾ രണ്ടും മൂന്നും പിന്നീട് മുഴുവൻ ഷോയും സ്പടികം തന്നെ പ്രദർശിപ്പിച്ചു. സ്പടികത്തിന് ഒപ്പം റിലീസ് ചെയ്ത മമ്മൂട്ടിയുടെ പുതിയ സിനിമ ക്രിസ്റ്റഫർ പ്രതീക്ഷിച്ചതുപോലെ അഭിപ്രായം നേടിയിരുന്നില്ല. അതും സ്പടികത്തിന് ഗുണം ചെയ്തു.

കഴിഞ്ഞ ആഴ്ചകളിൽ വന്ന സിനിമകളിൽ രോമാഞ്ചം കഴിഞ്ഞാൽ ഏറ്റവും നേട്ടം ഉണ്ടാക്കിയത് സ്പടികം ആണെന്ന് പറയേണ്ടി വരും. 18 കോടിയിൽ അധികം ബഡ്ജറ്റ് വരുന്ന ക്രിസ്റ്റഫറിന് ഇതുവരെ കേരളത്തിൽ നിന്ന് നാല് കോടിയാണ് നേടാൻ കഴിഞ്ഞത്. റീ റിലീസ് ആയിരുന്നിട്ട് കൂടിയും മൂന്ന് കോടിയിൽ അധികമാണ് നാല് ദിവസം കൊണ്ട് സ്പടികം നേടിയിട്ടുള്ളത്. ടോട്ടൽ ഗ്രോസ് കളക്ഷൻ 4.5 കോടിയാണ്.

സിനിമയുടെ അണിയറപ്രവർത്തകർ പോലും പ്രതീക്ഷിക്കാത്ത നേട്ടമാണ് ഇത്. അതും ഇത്രയും റിലീസുകൾക്ക് ഇടയിൽ ഒരു പഴയ സിനിമ വീണ്ടും വന്നിട്ട് പ്രേക്ഷകർ സ്വീകരിച്ചു എന്നത് ശ്രദ്ധേയമാണ്. മോഹൻലാൽ എന്ന താരത്തിന്റെ ഒരു മികച്ച അഭിപ്രായം നേടുന്ന പുതിയ സിനിമ വന്നാലുള്ള അവസ്ഥയും ചിന്തിക്കാവുന്നതേയുളളൂ. രോമാഞ്ചം കേരളത്തിൽ നിന്ന് മാത്രം 15 കോടിക്ക് അടുത്ത് നേടി കഴിഞ്ഞു.